ലണ്ടന്‍: അമേരിക്കയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ടു ബന്ധിച്ച് നാടുകടത്തിയ വാര്‍ത്തയുടെ ഞെട്ടലിലാണ് ലോകം. ചങ്ങലയിട്ടു ബന്ധിക്കുന്നില്ലെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ക്കും താമസക്കാര്‍ക്കുമെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ബ്രിട്ടനും. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഹോം ഓഫിസ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അറസ്റ്റിലായത് 609 അനധികൃത താമസക്കാരാണ്. ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് മാറ്റിയ ഇവരെയെല്ലാം ഘട്ടം ഘട്ടമായി നാടുകടത്തും. അനുദിനം കൂടിവരുന്ന അനധികൃത കുടിയേറ്റവും ഇതിനെതിരേ തീവ്രവലതുപക്ഷ പാര്‍ട്ടിയായ റിഫോം -യുകെ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശക്തമായ വിമര്‍ശനവുമാണ് വ്യാപകമായ റെയ്ഡിന് അധികൃതരെ പ്രേരിപ്പിക്കുന്നത്. 828 കേന്ദ്രങ്ങളിലാണ് ഹോം ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ടീം ജനുവരി മാസത്തില്‍ റെയ്ഡ് നടത്തിയത്.
ഇതിലാണ് 609 പേര്‍ കുടുങ്ങിയത്. ഇവര്‍ക്ക് ജോലി നല്‍കി സംരംക്ഷിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കനത്ത പിഴയും ഹോം ഓഫിസ് വിധിച്ചു. റസ്റ്ററന്റുകള്‍, ടെയ്ക്ക് എവേ സ്റ്റാളുകള്‍, ഗ്രോസറി വെയര്‍ഹൌസ്, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവടങ്ങിളിലായിരുന്നു റെയ്ഡുകള്‍ ഏറെയും. അറസ്റ്റിലായവരില്‍ ഏറെയും വീസ കാലാവധി അവസാനിച്ചിട്ടും മടങ്ങിപ്പോകാതെ നില്‍ക്കുന്നവരായിരുന്നു. ഇംഗ്ലിഷ് ചാനല്‍ വഴി അനധികൃതമായി അതിര്‍ത്തികടന്നു വന്നവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പുതിയ ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 5424 റെയ്ഡുകളാണ് ഇതുവരെ ഹോം ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയത്. ഇതില്‍ 3930 അനധികൃത താമസക്കാര്‍ അറസ്റ്റിലായി. ഇത്തരക്കാര്‍ക്ക് ജോലി നല്‍കിയ 1090 പേര്‍ക്ക് ഹോം ഓഫിസ് കനത്ത പിഴ ശിക്ഷയായി ചുമത്തുകയും ചെയ്തു. വീസയില്ലാത്തവര്‍ക്ക് ജോലി നല്‍കിയതിന് 60,000 പൗണ്ടുവരെ പിഴ നല്‍കേണ്ടി വന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.
ഇങ്ങനെ പിടിയിലാവരില്‍ 800 പേരെ ഇതിനോടകം അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു കഴിഞ്ഞു. സര്‍ക്കാര്‍ അതിശക്തമായ നടപടികള്‍ ഇത്തരത്തില്‍ തുടരുമ്പോഴും ഇംഗ്ലിഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ മാസം മാത്രം ചാനല്‍ കടന്ന് അനധികൃത ബോട്ടുകളില്‍ ബ്രിട്ടനിലെത്തിയത് 1098 പേരാണ്. സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിവിട്ടിരിക്കുന്ന കണക്കുകള്‍ വളരെ ചെറുതാണെന്നും യഥാര്‍ഥ സംഖ്യ ഇതിനേക്കളേറെയാണന്നുമാണ് റിഫോം -യുകെ നേതാവ് നൈജല്‍ ഫെറാജ് ആരോപിക്കുന്നത്.