ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് യുകെയില്‍ ലേബര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലക്ഷ്യമിട്ട് വ്യാപകമായ റെയ്ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ റസ്റ്ററന്റുകള്‍, നേല്‍ ബാറുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, കാര്‍ വാഷുകള്‍ എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. ജനുവരിയില്‍ 828 സ്ഥാപനങ്ങളിലാണ് ഹോം ഓഫിസ് പരിശോധന നടത്തിയത്. ബ്രിട്ടിഷ് ഹോം സെക്രട്ടറി ഇവറ്റ് കൂപ്പര്‍ നേരിട്ടാണ് ഈ പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കഴിഞ്ഞ ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 48 ശതമാനത്തിന്റെ വര്‍ധനവാണ് പരിശോധനയുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 609 പേരെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനത്തിന്റെ വര്‍ധനവ്.
റസ്റ്ററന്റുകള്‍, ടേക്ക്എവേകള്‍, കഫേകള്‍, പുകയില വ്യവസായം എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളെ പിടികൂടുന്നതിന് ഹോം ഓഫിസ് മുന്‍ഗണന നല്‍കുന്നുണ്ട്. ഹംബര്‍സൈഡിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റില്‍ നടത്തിയ പരിശോധനയില്‍ മാത്രം ഏഴ് അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ''കുടിയേറ്റ നിയമങ്ങള്‍ മാനിക്കപ്പെടുകയും നടപ്പിലാക്കുകയും വേണം. ദീര്‍ഘകാലമായി, തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ നിയമിക്കുകയും ചൂഷണം ചെയ്യുകയും ചെയുന്നു. അനധികൃതമായി എത്തി ജോലി ചെയ്യാന്‍ ആളുകള്‍ക്ക് സാധിക്കുകയും, എന്നാല്‍ യാതൊരു നടപ്പിലാക്കല്‍ നടപടിയും സ്വീകരിക്കപ്പെടാതെ പോയി. ഇത് ചെറിയ ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയിലെത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. നിസ്സഹായരായ ആളുകളുടെ ചൂഷണം, കുടിയേറ്റ സംവിധാനത്തിലെ അപാകതങ്ങള്‍, നമ്മുടെ സമ്പദ്വ്യവസ്ഥ എല്ലാം പരിഗണിച്ചാണ് ഈ നടപടികള്‍ '' - ഇവറ്റ് കൂപ്പര്‍ പറഞ്ഞു.
റിഫോം യുകെയുടെ വേഗത്തിലുള്ള വളര്‍ച്ച പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ക്ക് തന്റെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതായി തെളിയിക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത കുടിയേറ്റ കുറ്റവാളികളെ പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് നാടുകടത്താന്‍ ആരംഭിച്ചു. ഡിപ്പോര്‍ട്ടേഷന്‍ പ്രക്രിയകളുടെ ഭാഗമായുള്ള വിഡിയോയില്‍ ട്രംപിന്റെ നാടുകടത്തല്‍ ശൈലിയിലുള്ള ദൃശ്യങ്ങള്‍ ഇടംപിടിച്ചു. പുരുഷന്മാരെ ബസില്‍ നിന്ന് ഇറക്കി ചാര്‍ട്ടര്‍ ജെറ്റിന്റെ പടികളിലൂടെ കയറ്റുന്നത് കാണിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. നാടുകടത്തിയവരില്‍ പലരും ലഹരികടത്ത്, മോഷണം, പീഡനം, കൊലപാതകം എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികളാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഏകദേശം 19,000 വിദേശ കുറ്റവാളികളെയും അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.