Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
UK Special
  Add your Comment comment
റോയല്‍ നേവിയില്‍ വിശേഷ ദിവസങ്ങളില്‍ ഇനി സാരി ധരിക്കാം
reporter

ലണ്ടന്‍: യുകെയിലെ റോയല്‍ നേവിയില്‍ (നാവികസേന) ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. മെസ് ഡ്രസ് കോഡ് നയത്തിലാണ് നാവികസേന കാര്യമായ മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഔപചാരിക ചടങ്ങുകളിലും വിശേഷപ്പെട്ട ദിവസങ്ങളിലും ജീവനക്കാര്‍ക്ക് സാരി ധരിക്കാനുള്ള അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുകെയിലെ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രസ് കോഡില്‍ സാരി കൂടി ഉള്‍പ്പെടുത്തിയത്. നാവിക സേനയിലെ സാംസ്‌കാരിക തുല്യത (Cultural Equivalent) സംരംഭത്തിന്റെ ഭാഗമായാണ് ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതെന്ന് നാവിക സേനയുടെ റേസ് ഡൈവേഴ്സിറ്റി നെറ്റ്വര്‍ക്കിന്റെ ചെയര്‍മാനായ ലാന്‍സ് കോര്‍പ്പറല്‍ ജാക് കനാനി പറഞ്ഞു. ' റോയല്‍ നേവി റേസ് ഡൈവേഴ്സിറ്റി നെറ്റ് വര്‍ക്കിന്റെ (RNRDN) അധ്യക്ഷനെന്ന നിലയില്‍ നിലവിലെ മെസ് ഡ്രസ് പോളിസിയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബ്രിട്ടീഷ് സാംസ്‌കാരിക സ്വത്വത്തിന്റെ വൈവിധ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു,'' എന്ന് ലാന്‍സ് കോര്‍പ്പറല്‍ ജാക് കനാനി എക്സില്‍ കുറിച്ചു.

നിലവില്‍ നാവികസേനയിലെ ചടങ്ങുകളില്‍ സ്‌കോട്ടിഷ്, ഐറിഷ്, വെല്‍ഷ്, കോര്‍ണിഷ് പാരമ്പര്യമുള്‍ക്കൊള്ളുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയുണ്ട്. സാംസ്‌കാരിക തുല്യത മുന്‍നിര്‍ത്തിയുള്ള RNRDN സംരംഭം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. ഇതേപ്പറ്റി വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം തേടിയെന്നും ജാക് കനാനി പറഞ്ഞു. നാവികസേനയിലെ മറ്റ് സാംസ്‌കാരിക വൈവിധ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്ന നയമാണ് ഇപ്പോള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാവികസേനയിലെ മെസ് ഡ്രസ് കോഡില്‍ കര്‍ശനമായ വ്യവസ്ഥകളാണ് പാലിച്ചുപോന്നിരുന്നത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ യൂണിഫോം ജാക്കറ്റ് ധരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഡ്രസ് കോഡിലെ പുതിയ മാറ്റത്തോടെ ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം ജാക്കറ്റ്, ഷര്‍ട്ട് ബോ ടൈ എന്നിവയ്ക്കൊപ്പം തങ്ങളുടെ പരമ്പരാഗത വേഷങ്ങളും ധരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ചടങ്ങുകളില്‍ സാരിയോ ആഫ്രിക്കന്‍ വസ്ത്രങ്ങളോ ധരിക്കാന്‍ ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. ഡ്രസ് കോഡിലെ മാറ്റം നാവികസേനയെ പരിഹാസത്തിനിരയാക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊതു ഐഡന്റിറ്റി കൈവരിക്കുന്നതിനായാണ് സേനകളില്‍ യൂണിഫോം സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്നും ഫാഷന്‍ പരേഡ് നടത്തുന്നതിന് പകരം വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ള നാവികരെ റിക്രൂട്ട് ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും റിട്ടയേര്‍ഡ് അഡ്മിറല്‍ ഫിലിപ് മത്തിയാസ് പറഞ്ഞു.

നാവികസേനയിലെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ആര്‍എന്‍ആര്‍ഡിഎന്‍ വക്താക്കള്‍ പറഞ്ഞു. സാംസ്‌കാരിക തുല്യത (Cultural Equivalent) സംരംഭത്തിന്റെ ആദ്യഘട്ട ഗവേഷണങ്ങളുടെ ഭാഗമായി എടുത്ത ചിത്രമാണ് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം ചേര്‍ത്തിരിക്കുന്നത്. നിലവിലെ പരിഷ്‌കരിച്ച ചട്ടങ്ങള്‍ക്ക് കീഴില്‍ മെസ് ഡ്രസ് എങ്ങനെ ധരിക്കും എന്നതിന്റെ ഉദാഹരണമല്ല ഇതെന്നും ആര്‍എന്‍ആര്‍ഡിഎന്‍ വ്യക്തമാക്കി.


 
Other News in this category

 
 




 
Close Window