ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലെ പ്രസിദ്ധമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ തീപിടിത്തം. കോടികളുടെ നഷ്ടം. മെര്‍ലിബോണിലെ ചില്‍ട്ടണ്‍ ഫയര്‍ഹൗസ് ഹോട്ടലിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2:50 ന് തീപിടിച്ചത്. രാത്രി വൈകിയും അഗ്‌നിശമന സേന തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമത്തിലാണ്. ഒന്നാം നിലയില്‍ നിന്നും ആരംഭിച്ച തീ ആളിപ്പടര്‍ന്ന് ഹോട്ടലിന്റെ മുകള്‍ നിലയില്‍ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം നിലയില്‍ പ്രസിദ്ധമായ റസ്റ്ററന്റോടു കൂടിയ ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ ജെന്നിഫര്‍ ലോറന്‍സ്, ലേഡി ഗാഗ, ടോം ക്രൂയിസ്, ജോണി ഡെപ്പ്, ടെയ്‌ലര്‍ സ്വിഫ്റ്റ്, തുടങ്ങിയ സെലിബ്രിറ്റികളുടെ ഇഷ്ട സങ്കേതമാണ്.
തീ ആളിപ്പടര്‍ന്നതിനെതുടര്‍ന്ന് ആ സമയം ഹോട്ടലില്‍ ഉണ്ടായിരുന്ന നൂറോളം പേരെ രക്ഷാപ്രവര്‍ത്തകര്‍ അതിവേഗം ഒഴിപ്പിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 125 ഫയര്‍ ഫൈറ്റര്‍മാര്‍ 25 ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. എന്നാലും രാത്രി വൈകിയും തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ല. തീപിടിത്തത്തിന്റ കാരണം ഇനിയും വ്യക്തമല്ല. ഞായറാഴ്ച നെറ്റ്ഫ്‌ലിക്‌സിന്റെ പ്രധാനപ്പെട്ട അവാര്‍ഡ് നിശ നടക്കാനിരിക്കെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലായിരുന്നു. ഒരു രാത്രിക്ക് ചുരുങ്ങിയത് 75,000 മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇവിടെ മുറി വാടക. അത്രയേറെ ആഡംബര സൗകര്യങ്ങളോടെയുള്ള ഹോട്ടലാണിത്.