ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാന മന്ത്രി കിയേര്‍ സ്റ്റാമെറും കൂടിക്കാഴ്ച് ലണ്ടനില്‍ നടത്തി. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ മൂന്ന് വര്‍ഷമായി ചര്‍ച്ച നടത്തി വരുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവച്ചു. മോദിയുടെയും സ്റ്റാമെറുടെയും സാന്നിധ്യത്തില്‍ ഇന്ത്യയുടെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞത് ചരിത്രപരമായ നേട്ടമാണെന്ന് ഇരു പ്രധാനമന്ത്രിമാരും അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള സുപ്രധാന വ്യാപാര കരാര്‍ ബ്രിട്ടന്റെ വലിയ വിജയമാണെന്ന് ബ്രിട്ടിഷ് പ്രധനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. കരാര്‍ കഠിനാധ്വാനികളായ ബ്രിട്ടിഷുകാരുടെ പോക്കറ്റില്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയും ജീവിതച്ചെലവില്‍ കുടുംബങ്ങളെ സഹായിക്കുകയും ചെയ്യുമെന്ന് കിയേര്‍ സ്റ്റാമെര്‍ പ്രതികരിച്ചു. പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറുമായുള്ള ചര്‍ച്ചകള്‍ മികച്ചതായിരുന്നുവെന്നും കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രിട്ടനില്‍ വിപണി പ്രവേശനം ലഭിക്കുന്നതിന് സ്വതന്ത്ര വ്യാപാരക്കരാര്‍ സഹായിക്കുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിനെ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാര്‍. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്ന കരാര്‍ ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ജനസംഖ്യയുടെ 44 % വരുന്ന കര്‍ഷകജനതയാകും കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യയില്‍നിന്നുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ക്കും തീരുവയില്ലാതെ ബ്രിട്ടിഷ് മാര്‍ക്കറ്റുകളില്‍ വിപണനം നടത്താം. മഞ്ഞള്‍, കുരുമുളക്, ഏലക്ക, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളായ മാമ്പഴ പള്‍പ്പ്, അച്ചാര്‍, ധാന്യങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കരാറിനു കീഴില്‍ തീരുവ ഒഴിവാക്കിയിട്ടുള്ളത്. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ വിപണി സാധ്യതയും ലാഭവും വര്‍ധിപ്പിക്കും.
യുകെയില്‍നിന്നുള്ള ഇറക്കുമതി ഇന്ത്യന്‍ കര്‍ഷകരെ ബാധിക്കാത്ത തരത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാലുല്‍പന്നങ്ങള്‍, ആപ്പിള്‍, ഓട്‌സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഇളവ് നല്‍കാത്തതിനാല്‍ ആഭ്യന്തര കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തീരദേശ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഒഡീഷ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്സ്യമേഖലയ്ക്കും ഗുണം ചെയ്യുന്നതാണ് കരാര്‍. നേരത്തെ കൊഞ്ച്, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ക്കും മത്സ്യ ഉല്‍പന്നങ്ങള്‍ക്ക് ബ്രിട്ടിഷ് മാര്‍ക്കറ്റില്‍ 4.2 മുതല്‍ 8.5 ശതമാനം വരെ തീരുവ ഉണ്ടായിരുന്നെങ്കില്‍ ഇനിമുതല്‍ തീരുവയില്ലാതെ ഇവ ബ്രിട്ടിഷ് വിപണിയിലേക്ക് കയറ്റി അയയ്ക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സ്വതന്ത്ര വ്യാപാരക്കരാറില്‍ ഇന്ത്യയ്ക്കുള്ള നേട്ടങ്ങള്‍ ബ്രിട്ടനില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വിമാന നിര്‍മാണ ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും ലഭ്യമാകും. ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചോക്ലേറ്റ്, ബിസ്‌കറ്റ്, സാല്‍മണ്‍ മത്സ്യം, കാര്‍ എന്നിവയുടെ തീരുവ 15 ശതമാനത്തില്‍നിന്ന് 3 ശതമാനമാകുന്നതോടെ ഇവയുടെ വില കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിത്തീരുവ 110 ശതമാനത്തില്‍നിന്ന് 10 ശതമാനമാക്കുന്നതോടെ ഇവയുടെയും വില കുറയും.
ബ്രിട്ടിഷ് വിസ്‌കിക്കുള്ള ഇറക്കുമതിത്തീരുവ 150ല്‍ നിന്ന് 75 ശതമാനമായും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായും കുറയ്ക്കും. ഇതോടെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിസ്‌കി ഇറക്കുമതി എളുപ്പമാകും. ബ്രിട്ടനില്‍ ഓഫിസ് ഇല്ലെങ്കിലും 2 വര്‍ഷം വരെ അവിടുത്തെ 35 മേഖലകളില്‍ ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് പ്രവര്‍ത്തിക്കാം. പ്രതിവര്‍ഷം 60,000ത്തിലേറെ ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് യുകെ സോഷ്യല്‍ സെക്യൂരിറ്റി വിഹിതം അടയ്ക്കുന്നതിന് 3 വര്‍ഷം ഇളവ് ഉണ്ടാകും. ഷെഫ്, യോഗ അധ്യാപകര്‍, സംഗീതജ്ഞര്‍, മറ്റു കരാറിടസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ബ്രിട്ടനില്‍ താല്‍ക്കാലികമായി താമസിക്കുന്നതിനും ജോലി ലഭിക്കുന്നതിനും സഹായം ഉണ്ടാകും. ന്മ സ്വതന്ത്ര വ്യാപാരക്കരാറില്‍ ബ്രിട്ടനുള്ള നേട്ടങ്ങള്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 90 ശതമാനം ഇറക്കുമതിക്കും തീരുവ ഇളവ് ഉണ്ടാകും. 10 വര്‍ഷം കൊണ്ട് 85 ശതമാനം ഇറക്കുമതിയ്ക്കും തീരുവ ഒഴിവാക്കും. ബ്രിട്ടന്‍ വ്യവസായങ്ങള്‍ക്ക് ഇന്ത്യന്‍ പൊതുവിപണിയില്‍നിന്ന് ഉല്‍പന്നങ്ങള്‍ ശേഖരിക്കാനുള്ള അനുമതി ലഭ്യമാകും. 200 കോടി ഡോളറിനു മുകളിലുള്ള തന്ത്രപ്രധാനമല്ലാത്ത സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ ബ്രിട്ടിഷ് കമ്പനികള്‍ക്ക് അവസരം ലഭിക്കും. ഇതുപ്രകാരം ഓരോവര്‍ഷവും 4.09 ലക്ഷം കോടി മൂല്യമുള്ള 40,000 ടെന്‍ഡറുകളില്‍ ബ്രിട്ടിഷ് കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ കഴിയും. ബ്രിട്ടനില്‍ 2,200 തൊഴില്‍ അവസരങ്ങള്‍ പുതുതായി ഉണ്ടാകും. കൂടാതെ ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 220 കോടി പൗണ്ടിന്റെ ശമ്പള വര്‍ധനവും ലഭ്യമാകും. തുണിത്തരങ്ങള്‍, ഷൂ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലും വിലക്കുറവ് ഉണ്ടാകും.