ലണ്ടന്‍: അയര്‍ലന്‍ഡിലെ പ്രശസ്ത കായികതാരങ്ങളിലൊരാളായ ഡിജെ കെയറി പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് കാന്‍സര്‍ രോഗബാധിതനായതിന്റെ പേരിലാണ്. ജീവന്‍ നിലനിര്‍ത്താനും ചികിത്സയ്ക്കുമായി ഡിജെ കെയറി സഹായം അഭ്യര്‍ഥിച്ചു. പ്രിയപ്പെട്ട കായികതാരത്തോടുള്ള സ്‌നേഹം കാരണം അദ്ദേഹത്തെ സഹായിക്കാന്‍ അനവധി പേര്‍ മുന്നോട്ട് വന്നു. കോടീശ്വരന്‍ ഡെനിസ് ഓ'ബ്രിയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു. 2006ല്‍ അന്തര്‍കൗണ്ടി ഹര്‍ലിങ്ങില്‍ നിന്ന് വിരമിച്ചപ്പോള്‍, യുവ കളിക്കാര്‍ക്ക് ഒരു 'ആരാധനാപാത്ര'മായും കളിയുടെ ഒരു ഇതിഹാസമായും വാഴ്ത്തപ്പെട്ടിരുന്ന അദ്ദേഹത്തിന് അഞ്ച് ഓള്‍-അയര്‍ലന്‍ഡ് കിരീടങ്ങളും ഒന്‍പത് ഓള്‍-സ്റ്റാര്‍ അവാര്‍ഡുകളും ലഭ്യമായിട്ടുണ്ട്. പക്ഷേ ഈ 'കാന്‍സര്‍ വിവാദം' ഇതിഹാസ താരത്തിന്റെ പതനത്തിലേക്കാണ് വഴിതുറന്നത്. അതിന് കാരണമായത് അദ്ദേഹം പങ്കുവച്ച ഒരു ചിത്രമായിരുന്നു.
രോഗിയായി ആശുപത്രി കിടക്കയില്‍ കിടക്കുന്നതായി തോന്നിക്കുന്ന ചിത്രമാണ് ഡിജെ കെയറിയെ പിന്നീട് കോടതി കയറ്റിയത്. ആശുപത്രി കിടക്കയില്‍ കിടക്കുന്നതായി തോന്നിക്കുന്ന ഈ ചിത്രത്തില്‍, കെയറിയുടെ മൂക്കില്‍ 'ട്യൂബുകള്‍' ഉള്ളതായി കാണാം. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് അദ്ദേഹത്തിന്റെ മുഖത്ത് ടേപ്പ് ചെയ്ത ഐഫോണ്‍ കേബിളാണെന്ന് വ്യക്തമാകും. 2014നും 2022നും ഇടയില്‍ തനിക്ക് കാന്‍സറാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമാണെന്നും കെയറി തന്റെ ഇരകളെ തെറ്റിധരിപ്പിച്ച് പണം കൈപ്പറ്റിയതായി പറയപ്പെടുന്നു. എയ്ഡന്‍ മല്ലിഗന്‍, ക്രിസ്റ്റി ബ്രൗണ്‍, തോമസ് ബട്ട്ലര്‍, ജെഫ്രി ഹോവസ്, നോയല്‍ ടൈനന്‍ എന്നിവരും വഞ്ചിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പിന്നീട് സംഭവം വിവാദമായതോടെ ഡിജെ കെയറിക്കെതിരെ കേസായി. തുടര്‍ന്ന് അദ്ദേഹം ഡബ്ലിനിലെ ക്രിമിനല്‍ കോടതിയില്‍ 10 കുറ്റങ്ങള്‍ സമ്മതിച്ചു. കുറ്റം സമ്മതിച്ചതോടെ ശിക്ഷ വിധിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 29നാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്. അന്നുവരെ കെയറിയെ കോടതി ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.