ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ബൗദ്ധിക സ്വത്തവകാശവുമായി (ഐപിആര്‍) ബന്ധപ്പെട്ട വ്യവസ്ഥ ഇന്ത്യയില്‍ ന്യായമായ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. എന്നാല്‍, ഇതില്‍ അടിസ്ഥാനമില്ലെന്നും ലൈസന്‍സിങ് വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പേറ്റന്റുള്ള വിദേശകമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് സ്വാഭാവികമായും വില ഉയര്‍ന്ന തോതിലായിരിക്കും. അടിയന്തര സാഹചര്യങ്ങളിലും പൊതുജനാരോഗ്യം ഭീഷണി നേരിടുമ്പോഴും മറ്റു കമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥയനുസരിച്ച് ഇതിന്റെ ജനറിക് പതിപ്പ് ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാം. ഇതിന് പേറ്റന്റ് ഉടമയായ കമ്പനിയുടെ അനുമതി വേണ്ട.
മരുന്നുകളുടെ വില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലും ഇതുചെയ്യാം. ഇതുവഴി കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും. ഇന്ത്യ-ബ്രിട്ടന്‍ കരാറില്‍ നിര്‍ബന്ധിത ലൈസന്‍സിനു പകരം വൊളന്ററി ലൈസന്‍സിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നാണ് ഐപിആര്‍ രംഗത്തെ വിദഗ്ധരുടെ ആരോപണം. പേറ്റന്റ് ഉടമയുടെ അനുമതിയോടെ മാത്രമേ മറ്റൊരു കമ്പനിക്ക് വൊളന്ററി ലൈസന്‍സ് പ്രകാരം മരുന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയൂ. ഇതിലെ കടുത്ത വ്യവസ്ഥകള്‍ മൂലം മരുന്നുകള്‍ക്ക് വില ഗണ്യമായി കുറയാനുള്ള സാധ്യത മങ്ങും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ഏറ്റവും അഭികാമ്യമായ മാര്‍ഗം വൊളന്ററി ലൈസന്‍സ് ആണെന്ന വാചകമാണ് കരാറിലുള്ളത്. ഇത് പേറ്റന്റ് ഉടമകളായ വന്‍കിട കമ്പനികളെ സഹായിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം.