ഷാര്‍ജ: യുഎഇയില്‍ ജനിച്ച് വളര്‍ന്ന മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചത് പ്രവാസി സമൂഹത്തില്‍ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാര്‍ജ റോയല്‍ ഫ്‌ലൈറ്റില്‍ അക്കൗണ്ട്‌സ് മാനേജരുമായ ജസ്റ്റിന്‍ -വിന്‍സി ജസ്റ്റിന്‍ ദമ്പതികളുടെ മകന്‍ ജെഫേഴ്സണ്‍ ജസ്റ്റിന്‍ (27)ആണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ മരിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ജെഫേഴ്‌സണ്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് ജനിച്ചു വളര്‍ന്ന മണ്ണില്‍ തന്നെ സംസ്‌കരിക്കാനാണ് ഉദ്ദേശ്യമെന്നും അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും ജസ്റ്റിന്‍ പറഞ്ഞു.
ഷാര്‍ജ നാഷനല്‍ സ്‌കൂളില്‍ പ്ലസ് ടു പഠിച്ച ജെഫേഴ്‌സണ്‍ പിന്നീട് തേവര സേക്രഡ് ഹാര്‍ട് കോളജില്‍ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി യുകെയില്‍ പോയതായിരുന്നു. കൊവന്ററി യൂണിവേഴ്‌സിറ്റിയില്‍ ഗ്രാഫിക് ഡിസൈനിങ് പഠിച്ച ശേഷം അവിടെയൊരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. എല്ലാ വര്‍ഷവും അവധിക്ക് യുഎഇയിലെത്തി മാതാപിതാക്കളെയും കൂട്ടുകാരെയും സന്ദര്‍ശിക്കും. ഇടയ്ക്ക് കുടുംബം യുകെയിലേക്കും പോകും. പഠനത്തില്‍ മിടുക്കനായിരുന്ന ജെഫേഴ്‌സണ്‍ അധ്യാപകര്‍ക്കും മറ്റും പ്രിയങ്കരനായിരുന്നു. യുഎഇയില്‍ വലിയ സൗഹൃദവലയമുള്ള യുവാവിന്റെ വിയോഗം എല്ലാവരെയും കടുത്ത ദുഃഖത്തിലാഴ്ത്തി.
എപ്പോഴും ഹെല്‍മറ്റും മറ്റു സുരക്ഷാ ക്രമീകരണങ്ങളുമായി സാധാരണ വേഗത്തില്‍ മാത്രമായിരുന്നു മകന്‍ ബൈക്ക് ഓടിച്ചിരുന്നതെന്ന് ജസ്റ്റിന്‍ പറയുന്നു. ഒരു വളവില്‍ ബൈക്ക് വഴുതി റോഡിലെ ബാരിയറിലിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലീഡ്‌സ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഷാര്‍ജയില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജുവിന്‍, ബെംഗളൂരുവില്‍ ഓഡിറ്ററായ ജൊനാഥന്‍ എന്നിവര്‍ സഹോദരങ്ങളാണ്.