ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി മുന്‍ ലേബര്‍ പാര്‍ട്ടി എംപിമാരായ ജെറെമി കോര്‍ബിനും സാറ സുല്‍ത്താനയും. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇടതുപക്ഷ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ ഇരുവരും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് പേരിട്ടിട്ടില്ലെങ്കിലും 'യുവര്‍ പാര്‍ട്ടി' എന്ന പേരില്‍ ഒരു ഇടക്കാല വെബ്സൈറ്റ് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പങ്കുവെച്ചിട്ടുണ്ട്.
'ലോകത്തിലെ ഏറ്റവും സമ്പന്നമായ ആറാമത്തെ രാജ്യത്ത് 4.5 ദശലക്ഷം കുട്ടികള്‍ ദാരിദ്രത്തില്‍ കഴിയുകയാണ്. കുതിച്ചുയരുന്ന ബില്ലുകളിലൂടെ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ സമ്പാദിക്കുകയാണ്. ദരിദ്രര്‍ക്ക് പണമില്ല. യുദ്ധത്തിന് പണമുണ്ടെന്ന് സര്‍ക്കാര്‍ പറയുകയാണ്. ഇതിനെല്ലാം അര്‍ത്ഥം സംവിധാനം ശരിയല്ല എന്നുതന്നെയാണ്. ഈ അനീതികള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. നിങ്ങളും അംഗീകരിക്കരുത്. ഉടന്‍ തന്നെ ഞങ്ങള്‍ ഒരു സ്ഥാപന സമ്മേളനം സംഘടിപ്പിക്കും. നിങ്ങളുടെ പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിലും എന്തിനെ പ്രതിനിധീകരിക്കുന്നുവെന്നതിലും സംഭാവനങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്കാകും.'-സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ശതകോടീശ്വരന്മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന് യഥാര്‍ത്ഥ ബദല്‍ സൃഷ്ടിക്കുമെന്ന് ലേബര്‍ പാര്‍ട്ടി മുന്‍ പ്രസിഡന്റും സ്വതന്ത്ര എംപിയുമായ കോര്‍ബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 മുതല്‍ കോവെന്‍ട്രി സൗത്തില്‍ നിന്നുളള പാര്‍ലമെന്റ് അംഗമായിരുന്ന സാറ സുല്‍ത്താനയും ലേബര്‍ പാര്‍ട്ടി വിട്ടിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ പിന്തുണച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സാറ സുല്‍ത്താന പറഞ്ഞത്.