ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ നഴ്‌സുമാര്‍ക്കായി നിര്‍ദേശിക്കുന്നത് കേവലം 3.6 ശതമാനത്തിന്റെ ശമ്പള വര്‍ധന മാത്രം. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ കണ്‍സള്‍ട്ടേഷന്‍ പ്രോസസിനായി വച്ചിരിക്കുന്ന ഈ നിര്‍ദേശം നഴ്‌സുമാര്‍ തള്ളിയാല്‍ ഡോക്ടര്‍മാര്‍ക്കു പിന്നാലെ നഴ്‌സുമാരും ശമ്പള വര്‍ധനയ്ക്കായി സമരരംഗത്തേക്ക് ഇറങ്ങുന്ന സ്ഥിതിയുണ്ടാകും. ഡോക്ടര്‍മാര്‍, ടീച്ചര്‍മാര്‍, പ്രിസര്‍ ഓഫിസര്‍മാര്‍, സായുധസേനാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം നല്‍കിയ ശമ്പള വര്‍ധനപോലും നഴ്‌സുമാര്‍ക്കു നല്‍കാതെ, തികച്ചും അപഹാസ്യമായ നിര്‍ദേശമാണ് നഴ്‌സുമാര്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്തയാഴ്ചയാണ് കണ്‍സള്‍ട്ടേഷന്‍ പ്രോസസിന്റെ ഫലം പുറത്തുവരിക. മഹാഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ നിര്‍ദേശം തള്ളുന്ന ഫലമാകും ഉണ്ടാകുക എന്ന് ഉറപ്പാണ്. ഇത് ആരോഗ്യമേഖലയില്‍ വീണ്ടും നഴ്‌സുമാരുടെ സമരത്തിന് വഴിവയ്ക്കും.
ഇതിനോടകം തന്നെ പണപ്പെരുപ്പത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് ശമ്പള വര്‍ധനകള്‍ നടപ്പാക്കി കഴിഞ്ഞെന്നും അതിനാല്‍ പുതിയ നിര്‍ദേശം അംഗീകരിക്കാന്‍ യൂണിയനുകള്‍ തയാറാകണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മേയ് മാസത്തിലാണ് 3.6 ശതമാനം വര്‍ധന എന്ന പേ റിവ്യൂ ബോഡിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചത്. അന്നുതന്നെ ഇതിനെ പരസ്യമായി എതിര്‍ത്ത യൂണിയന്‍ നിയമപരമായ ബാധ്യത എന്ന നിലയിലാണ് സര്‍ക്കാര്‍ നിദേശത്തെ കണ്‍സള്‍ട്ടേഷന്‍ പ്രോസസിന് വിധേയമാക്കുന്നത്. 50 ശതമാനത്തിലധികം അംഗങ്ങള്‍ നിര്‍ദേശത്തെ എതിര്‍ത്താല്‍ സമരം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് യൂണിയന് കടക്കാനാകും. സമരത്തിനു മുന്‍പേ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാകും ആദ്യ ശ്രമങ്ങള്‍. ആംബുലന്‍സ് ക്രൂ ഉള്‍പ്പെടെയുള്ള മറ്റു ഹെല്‍ത്ത് വര്‍ക്കേഴ്‌സിനെ പ്രതിനീധികരിക്കുന്ന ജി.എം.പി യൂണിയന്‍ കഴിഞ്ഞയാഴ്ച തന്നെ 3.6 ശതമാനം എന്ന ശമ്പളവര്‍ധനാ നിര്‍ദേശം ബാലറ്റിലൂടെ തള്ളിയിരുന്നു. 67 ശതമാനം ജീവനക്കാരും ഈ നിര്‍ദേശം അപര്യാപ്തമാണെന്ന നിലപാടാണ് എടുത്തത്. ശമ്പളപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് അവര്‍ ആരോഗ്യ സെക്രട്ടറിക്കത് രേഖാമൂലം കത്തും നല്‍കി.
ഇതിനിടെ ശമ്പള വര്‍ധനയ്ക്കായുള്ള ഡോക്ടര്‍മാരുടെ അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരം ശക്തമായി തുടരുകയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാരാണ് വാക്കൗട്ട് സമരം നടത്തുന്നത്. പ്രശ്‌നം പരിഹരിക്കാനായി നടത്തിയ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് മുന്‍ നിശ്ചയപ്രകാരം സമരത്തിന് ഡോക്ടര്‍മാര്‍ തീരുമാനമെടുത്തത്. വെള്ളിയാഴ്ച ആരംഭിച്ച സമരം ബുധനാഴ്ച രാവിലെയാണ് അവസാനിക്കുക. സമരം മൂലം രോഗികള്‍ക്ക് ബുദ്ധുമുട്ടുകള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് റീജനല്‍ മെഡിക്കല്‍ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയള്ളവരുടെ വിശദീകരണം. നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ എമര്‍ജന്‍സി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തുന്നുണ്ടെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയ്ന്റ്‌മെന്റുകള്‍ പലതും മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്. ജിപികളുടെ പ്രവര്‍ത്തനവും മുടക്കിമില്ലാതെ നടക്കുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം.
2023-24 കാലയളവില്‍ 11 വ്യത്യസ്ത വാക്കൗട്ട് സമരങ്ങളിലൂടെയാണ് ഡോക്ടര്‍മാര്‍ അത്യാവശ്യം ഭേദപ്പെട്ട ശമ്പള വര്‍ധന സ്വന്തമാക്കിയത്. ഈ സമരങ്ങള്‍ എന്‍.എച്ച്.എസില്‍ സൃഷ്ടിച്ച പ്രതിസന്ധി തല്‍ക്കാലം മാറിവരുന്നതിനിടെയാണ് വീണ്ടും ഡോക്ടര്‍മാരുടെ സമര കാഹളം. 2024ല്‍ 22 ശതമാനം ശമ്പള വര്‍ധനയാണ് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ നിലവിലെ ശമ്പളം സീനിയോരിറ്റിയും ഗ്രേഡും അനുസരിച്ച് 37,000 പൗണ്ട് മുതല്‍ 70,000 പൗണ്ട് വരെയാണ്. ഇതിനു പുറമെ ഈവര്‍ഷം ഓഗസ്റ്റ് മുതല്‍ 5.4 ശതമാനം വര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അപര്യാപ്തമാണെന്നും കൂടുതല്‍ വര്‍ധന വേണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. കഴിഞ്ഞവര്‍ത്തെ 22 ശതമാനം വര്‍ധനയും ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ള 5.4 ശതമാനം വര്‍ധനയും ചേര്‍ത്താലും 2008ലെ ശമ്പളമൂല്യം നിലവില്‍ ഡോക്ടര്‍മാര്‍ക്ക് ഇല്ലെന്നാണ് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. ഇതാണ് അസോസിയേഷനെ സമരത്തിലേക്ക് നയിക്കുന്ന ന്യായം. എന്നാല്‍ ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട് ന്യായീകരണം ഇല്ലാത്തതാണെന്നും സമരം അനാവശ്യമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സമരത്തെ എല്ലാ സംവിധാനങ്ങളോടെയും നേരിടുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.