ലണ്ടന്‍: പോണ്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന പ്രായപരിധി നിയമം നടപ്പാക്കിയിരിക്കുകയാണ് യുകെ. ജൂലൈ 25 മുതല്‍ യുകെയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ 18 വയസ്സിന് മുകളിലാണെന്ന് തെളിയിക്കണം. നേരത്തെ, 18 വയസ്സിന് മുകളിലാണെന്ന സ്വയം രേഖപ്പെടുത്തല്‍ മാത്രം മതിയായിരുന്നെങ്കില്‍ നിലവില്‍ പ്രായം തെളിയിക്കാനുള്ള രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. തിരിച്ചറിയല്‍ രേഖകള്‍, മുഖം സ്‌കാന്‍ ചെയ്ത് പ്രായം കണക്കാക്കല്‍, ബാങ്ക് രേഖകള്‍ എന്നിവ നല്‍കി മാത്രമേ ഇനി പോണ്‍ വെബ്‌സൈറ്റുകളില്‍ പ്രവേശനം ലഭിക്കൂ. ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ നിയമങ്ങളില്‍ ഒന്നാണിതെന്നാണ് വിലയിരുത്തല്‍.
കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു ഓണ്‍ലൈന്‍ ലോകം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ യുകെയിലെ മാധ്യമ നിയന്ത്രണ ഏജന്‍സിയായ ഓഫീസ് ഓഫ് കമ്യൂണിക്കേഷന്‍സ് ആണ് കര്‍ശന പ്രായപരിധി നിയമങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച്, അശ്ലീല ഉള്ളടക്കം നല്‍കുന്ന ഏതൊരു വെബ്സൈറ്റും സന്ദര്‍ശകര്‍ക്ക് 18 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രായപരിശോധനകള്‍ നടപ്പിലാക്കണം. ഫോട്ടോ ഐഡി അപ്ലോഡുകള്‍, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പരിശോധന എന്നിവ ഈ പരിശോധനകളില്‍ ഉള്‍പ്പെടാം.
വെബ്‌സൈറ്റുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പരിശോധനാ രീതി തിരഞ്ഞെടുക്കാം. നേരത്തെ ഉണ്ടായിരുന്ന ചെക്ക്‌ബോക്‌സുകള്‍ ഇനി അനുവദിക്കില്ല. ഉപയോക്താക്കള്‍ നിര്‍ദിഷ്ട പ്രായപരിധി കടന്നില്ലെങ്കില്‍ പോണ്‍ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ സൈറ്റുകളും അശ്ലീല ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം തടയണം. നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 18 മില്യണ്‍ പൗണ്ടോ അല്ലെങ്കില്‍ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ പിഴയോ ഈടാക്കുമെന്ന് ഓഫീസ് ഓഫ് കമ്യൂണിക്കേഷന്‍സ് മുന്നറിയിപ്പ് നല്‍കി.
യുകെയിലെ ആളുകള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു ഓണ്‍ലൈന്‍ ജീവിതം ഉണ്ടാക്കാന്‍ പുതിയ നിയമങ്ങള്‍ ആവശ്യമാണെന്ന് ഓഫീസ് ഓഫ് കമ്യൂണിക്കേഷന്‍സ് പറയുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ഡേറ്റിങ് ആപ്പുകള്‍ എന്നിവയെല്ലാം പ്രായം ഉറപ്പാക്കാനുള്ള പരിശോധനകള്‍ നടത്തും. ബാങ്ക് വിവരങ്ങളോ ഓണ്‍ലൈന്‍ ഐഡന്റിറ്റി സര്‍വീസുകളോ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെബ്‌സൈറ്റുകള്‍ പ്രായം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 18 മില്യണ്‍ പൗണ്ട് അല്ലെങ്കില്‍ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ പിഴ ഈടാക്കുമെന്ന് ഓഫീസ് ഓഫ് കമ്യൂണിക്കേഷന്‍സ് അറിയിച്ചു.
പുതിയ നിയമത്തെ തുടര്‍ന്ന് പോണ്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പ്രായം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 6,000 പോണ്‍ സൈറ്റുകള്‍ ഉപയോക്താക്കള്‍ക്ക് 18 വയസ്സ് തികഞ്ഞോ എന്ന് പരിശോധിക്കാന്‍ തുടങ്ങിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പുതിയ നിയന്ത്രണം മറികടക്കാനായി യുകെയിലെ ഉപയോക്താക്കള്‍ക്കിടയില്‍ വിപിഎന്‍ ഉപയോഗം ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. യുകെയ്ക്ക് പുറത്തുള്ള ഉപയോക്താക്കള്‍ക്ക് ഈ നിയമം ബാധകമല്ലാത്തതിനാല്‍ വിപിഎന്‍ ഉപയോഗിച്ച് മറ്റൊരു രാജ്യത്ത് നിന്നാണ് വെബ്‌സൈറ്റ് ഉപയോഗിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പ്രായപരിധി നിയമം നടപ്പാക്കിയ ശേഷം, ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഡാറ്റയില്‍ വിപിഎന്നുമായി ബന്ധപ്പെട്ട സെര്‍ച്ചുകളില്‍ 700 ശതമാനം വര്‍ധനയുണ്ടായതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.