ലണ്ടന്‍: ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാറില്‍ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചതോടെ വിപണയില്‍ മാത്രമല്ല വിദ്യാഭ്യാസരംഗത്തും പുത്തനുണര്‍വിനു സാധ്യതയേറുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവയ്ക്കുന്ന വ്യാപാരക്കരാറിനും താരിഫ് നിലപാടുകള്‍ക്കും വിഭിന്നമായി, ഇന്ത്യയ്ക്കും ബ്രിട്ടനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ വ്യാപാരക്കരാര്‍. 2022-2023 അധ്യയന വര്‍ഷത്തില്‍ ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവരില്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യന്‍ സ്ംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണെന്ന് ബ്രിട്ടിഷ് കൗണ്‍സില്‍ 2023 സെപ്റ്റംബറില്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളോടെപ്പം കേരളത്തില്‍ വലിയ തോതിലാണ് വിദ്യാര്‍ഥികള്‍ യുകെയിലേക്ക് പഠിക്കാനെത്തിയത്. ഉപരിപഠനത്തിനു യുകെയിലേക്കു പോകുന്ന വിദ്യാര്‍ഥികളോടൊപ്പം കേരളത്തിലേക്കു തിരിച്ചെത്തിയ ഗള്‍ഫ് പ്രവാസികളും യുകെയിലേക്കു കുടിയേറുന്നതും ട്രെന്റായി.
ഉദാരമനസ്സോടെ വിദ്യാര്‍ഥികളെ സ്വീകരിക്കുന്ന യുകെ സര്‍ക്കാരിന്റെ നയം ഏതൊരു വിദ്യാര്‍ഥിയുടെയും വിദേശപഠനത്തിനുള്ള ഇഷ്ടയിടമായി യുകെയെ മാറ്റി. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയുടെ സമ്പദ്വ്യവസ്ഥ വളരെ വലുതാണ്. കണക്കിന്റെ കാര്യത്തില്‍ മൂന്നു ട്രില്യണ്‍ മൂല്യമുള്ള സമ്പദ്വ്യവസ്ഥയില്‍ ഏതു രംഗത്തും അവസരങ്ങളുണ്ടെന്നു കരുതുന്നതു ശരിയല്ല. സമ്പദ്വ്യവസ്ഥയുടെ ഭൂരിപക്ഷവും ബാങ്കിങ് - ഫിനാന്‍സ് മേഖലയുമായി ബന്ധപ്പെട്ടാണുള്ളത്. ലോകത്തെ മുന്‍നിര ബാങ്കുകളുടെയും ആസ്ഥാനം യുകെയില്‍ ആയതിന്റെ കാര്യവും മറ്റൊന്നല്ല. സര്‍ക്കാരുകള്‍ മാറിവരുന്നത നുസരിച്ച് കുടിയേറ്റ നയത്തിലും മാറ്റങ്ങള്‍ എപ്പോഴും സംഭവിക്കാം. സമ്പദ്വ്യവസ്ഥയുടെ വലുപ്പം അവസരങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നതാണ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടത്.
രാജ്യം കുടിയേറ്റ നിയമം ഉദാരമാക്കിയാല്‍ ആ രാജ്യത്തേക്ക് ഒഴുക്കു കൂടുന്നത് സ്വാഭാവികം. യുകെയില്‍ തൊഴില്‍സാധ്യതയുള്ള മേഖലകള്‍ മുന്‍കൂട്ടി കണ്ടെത്തി പഠിക്കുകയാണു വേണ്ടത്. പരമ്പരാഗത മേഖലകള്‍ വിട്ട് അവസരങ്ങളുള്ള പുതിയ മേഖലകള്‍ കണ്ടെത്തി ബുദ്ധിപൂര്‍വം ചുവടുറപ്പിക്കുകയാണു വേണ്ടത്. എന്‍ജിനീയറിങ്ങിനൊപ്പം എംബിഎ കൂടി എടുത്താല്‍ സാധ്യത വളരെ കൂടുതലാണ്. കാരണം, ഏതൊരു മേഖലയിലും ടെക്-മാനേജ്‌മെന്റ് നൈപുണ്യമുളളവരെ എപ്പോഴും ആവശ്യമുണ്ടാകും. യുകെയില്‍ എപ്പോഴും സാധ്യതയുള്ള മേഖലയാണ് ആരോഗ്യരംഗം. ഒരു മേഖലയില്‍ അവസരമില്ലെന്നു കരുതി യുകെ സമ്പദ്വ്യവസ്ഥയെയും സര്‍വകലാശാലകളെയും കുറച്ചു കാണേണ്ടയെന്ന് സാരം.