ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും തമ്മിലുള്ള വാക്‌പോര് ട്രംപിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പു കാലം മുതല്‍ തുടങ്ങിയതാണ്. ട്രംപിന്റെ ആദ്യത്തെ സ്റ്റേറ്റ് വിസിറ്റിനിടെ പ്രതിഷേധക്കാര്‍ക്ക് പ്രോത്സാഹനം നല്‍കിയും ട്രംപിനെ കോമാളിയാക്കി ചിത്രീകരിക്കുന്ന ബലൂണ്‍ ഉയര്‍ത്താന്‍ അനുമതി നല്‍കിയുമെല്ലാം മേയര്‍ വാര്‍ത്തകളില്‍ ഇടം നേടി. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയെന്നോണം സാദിഖ് ഖാനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ട്രംപ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വൃത്തികെട്ടവനാണെന്നും കഴിവുകുറഞ്ഞവനാണെന്നുമാണ് ട്രംപിന്റെ പുതിയ പരാമര്‍ശം.
സ്‌കോട്ലന്‍ഡിലെ നാലുദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനടിടെ പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെറുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് സാദിഖ് ഖാനെതിരേ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചത്. ഒക്ടോബറിലെ സ്റ്റേറ്റ് വിസിറ്റിനിടെ ലണ്ടന്‍ നഗരം സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് തീര്‍ച്ചയായും ലണ്ടന്‍ സന്ദര്‍ശിക്കുമെന്നും എന്നാല്‍ നിങ്ങളുടെ മേയര്‍ വൃത്തികെട്ടവനാണെന്നും ട്രംപ് തുറന്നടിച്ചത്. അദ്ദേഹം കഴിവുകുറഞ്ഞവനാണെന്നും മേയര്‍ എന്ന നിലയില്‍ മോശം പ്രകടനമാണ് നടത്തുന്നതെന്നും പ്രസിഡന്റ് ആരോപിച്ചു. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരനായ മേയര്‍ക്കെതിരായ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കാന്‍ പ്രധാനമന്ത്രി തയാറായില്ല. പകരം അദ്ദേഹം എന്റെ നല്ല സുഹൃത്താണെന്നു ചിരിച്ചുകൊണ്ട് പറയുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ലണ്ടന്‍ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മാത്രമായിരുന്നു മേയറുടെ വക്താവ് പ്രസിഡന്റിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്. നമ്മുടെ നഗരത്തിലെ നാനാത്വത്തിന്റെ ശക്തിയെന്താണെന്നും സൗന്ദര്യമെന്താണെന്നും സമ്പന്നതയെന്താണെന്നും അദ്ദേഹം നേരിട്ടു കണ്ട് മനസ്സിലാക്കട്ടെയെന്നും മേയറുടെ ഓഫിസ് വ്യക്തമാക്കി. ഒക്ടോബര്‍ 17 മുതല്‍ 19 വരെയാണ് രാജാവിന്റെ ക്ഷണപ്രകാരമുള്ള പ്രസിഡന്റിന്റെ ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം.