ലണ്ടന്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗ്രേറ്റ് ബ്രിട്ടണിലും വടക്കന്‍ അയര്‍ലന്‍ഡിലും മൊബൈല്‍ ഫോണ്‍ മോഷണക്കേസുകളില്‍ 400% വര്‍ദ്ധനവുണ്ടായതായി പുതിയ ഗവേഷണങ്ങള്‍. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ട്രേഡ് സമാഹരിച്ച ഡാറ്റ പ്രകാരം, യൂറോപ്പിലുടനീളമുള്ള അഞ്ചില്‍ രണ്ട് ഫോണ്‍ മോഷണ ക്ലെയിമുകളും ബ്രിട്ടനില്‍ നിന്നാണ് വരുന്നത്. സ്‌ക്വയര്‍ട്രേഡിന്റെ പന്ത്രണ്ട് യൂറോപ്യന്‍ വിപണികളിലുടനീളമുള്ള പഠനത്തില്‍, കമ്പനിയുടെ മൊത്തം ഉപഭോക്താക്കളില്‍ 10% മാത്രമാണ് ബ്രിട്ടീഷുകാരെങ്കിലും മൊത്തം മൊബൈല്‍ ഫോണ്‍ മോഷണങ്ങളില്‍ 39% ബ്രിട്ടനിലാണ് നടന്നതെന്ന് കണ്ടെത്തി.
2021 ജൂണ്‍ മുതല്‍ ബ്രിട്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണ പരാതികള്‍ 425% വര്‍ദ്ധിച്ചു. ഇതില്‍ 42% മോഷണങ്ങളും ലണ്ടനിലാണ് സംഭവിക്കുന്നത്. ലണ്ടനില്‍ മാത്രം 2024-ല്‍ 70,000-ത്തിലധികം ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതായി കംപേയര്‍ ദി മാര്‍ക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു, ഇത് ആഴ്ചയില്‍ 1,349 ഫോണുകള്‍ക്ക് തുല്യമാണ്. വേനല്‍ക്കാല മാസങ്ങളിലും ക്രിസ്മസിനോട് അനുബന്ധിച്ചും ഫോണ്‍ മോഷണങ്ങള്‍ വര്‍ദ്ധിക്കുന്നതായും ഡാറ്റ വെളിപ്പെടുത്തുന്നു.