ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നേരെയുള്ള വംശീയ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സമീപകാലത്തായി ഇതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ മുന്‍പ് സമാനമായ ഒരു സംഭവം അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഒരു ബസ് യാത്രയ്ക്കിടയില്‍ ഇന്ത്യന്‍ യുവാവിനെ ഡബ്ലിന്‍ സ്വദേശിയായ കൗമാരക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നെങ്കിലും പിന്നീടത് നീക്കം ചെയ്യപ്പെട്ടു.
ക്രൂരമായ ആക്രമണം നടന്നത് ഡബ്ലിനിലെ ഒരു ബസ് യാത്രയ്ക്കിടെയാണ്. പ്രദേശവാസിയായ മുഖംമൂടി ധരിച്ച ഒരു കൗമാരക്കാരന്‍ യാതൊരുവിധ പ്രകോപനവും ഇല്ലാതെ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ഇന്ത്യന്‍ യുവാവിനെ പിന്നില്‍ നിന്നും മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം ഇരയാക്കപ്പെട്ട യുവാവിന്റെ പിതാവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ ദൃശ്യങ്ങളില്‍ യുവാവിനൊപ്പം ഒരു യുവതിയെയും കാണാം. ക്രൂരമായ രീതിയില്‍ യുവാവ് അക്രമിക്കപ്പെടുന്നു. നിരവധി തവണയാണ് ഇയാളുടെ തലയ്ക്കും മുഖത്തും അക്രമി ഇടിക്കുന്നത്. എന്നാല്‍ മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ശബ്ദം കൊണ്ട് പോലും പ്രതിഷേധിക്കാന്‍ യുവാവ് തയ്യാറാകുന്നില്ല. മറിച്ച് ഇടി താങ്ങാനാകാതെ ഇയാളും കൂടെയുണ്ടായിരുന്ന യുവതിയും എഴുന്നേറ്റ് ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
അടുത്തിടെ നടന്ന മറ്റൊരു സംഭവത്തില്‍ ഡബ്ലിനില്‍ നിന്നുള്ള ഏതാനും കൗമാരക്കാര്‍ ചേര്‍ന്ന് ഒരു ഇന്ത്യക്കാരനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയിരുന്നു. ആക്രമിസംഘം ഇരയാക്കപ്പെട്ട വ്യക്തി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി നഗ്‌നനാക്കിയായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചത്. അതുവഴി ആ സമയം പോയ ഒരു സ്ത്രീ ഇടപെട്ടത് കൊണ്ട് മാത്രമാണ് അന്ന് അയാള്‍ക്ക് ജീവന്‍ തരിച്ച് കിട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തിലുള്ള വംശീയ അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് വലിയ ആശങ്കയാണ് ഈ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഉണ്ടാക്കിയിരിക്കുന്നത്.