ലണ്ടന്‍: വില്യം, ഹാരി രാജകുമാരന്മാരെ സംബന്ധിച്ച് ഏറെ വൈകാരിക ബന്ധമുള്ള മണ്ണാണ് അള്‍തോര്‍പ്പ് എസ്റ്റേറ്റിന്റേത്. പ്രിയപ്പെട്ട അമ്മ ഡയാന രാജകുമാരി നിത്യവിശ്രമം കൊള്ളുന്ന ഭൂമി. അമ്മയുടെ ബാല്യകാലവും ഈ എസ്റ്റേറ്റിലായിരുന്നതെന്നത് ഇരുവര്‍ക്കും അള്‍തോര്‍പ്പ് എസ്റ്റേറ്റ് ഏറെ പ്രിയപ്പെട്ടതായി മാറ്റുന്നു. 1997ല്‍ ഡയാന രാജകുമാരി അന്തരിച്ചപ്പോള്‍ പാരമ്പര്യ സ്വത്തായി ഡയാനയുടെ സ്വകാര്യ വസ്തുക്കള്‍ പലതും മക്കള്‍ക്ക് ലഭിച്ചു. പക്ഷേ ഡയാനയുടെ ബാല്യകാല വസതിയും ഇരുവരുടെയും ഹൃദയത്തില്‍ സവിശേഷ ഇടമുള്ള അള്‍തോര്‍പ്പ് എസ്റ്റേറ്റ് അവര്‍ക്ക് ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാരമ്പര്യ തണലില്‍ അള്‍തോര്‍പ്പ് എസ്റ്റേറ്റ് 1508 മുതല്‍ സ്‌പെന്‍സര്‍ കുടുംബത്തിന്റെ കൈവശമുള്ള അള്‍തോര്‍പ്പ് എസ്റ്റേറ്റ് നോര്‍ത്താംപ്ടണ്‍ഷെയറില്‍ 13,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുകയാണ്. ഈ എസ്റ്റേറ്റ് കൈമാറ്റത്തിലെ പാരമ്പര്യമാണ് ഇത് വില്യമിനും ഹാരിക്കും ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. ഈ എസ്റ്റേറ്റ് പാരമ്പര്യപ്രകാരം ഡയാനയുടെ സഹോദരനും നിലവിലെ ഏള്‍ സ്‌പെന്‍സറുമായ ചാള്‍സ് സ്‌പെന്‍സറിന്റെ മകന്‍ ലൂയിസ് വിസ്‌കൗണ്ട് അള്‍തോര്‍പ്പിന് ലഭിക്കും ഡയാനയെ അടക്കം ചെയ്തിരിക്കുന്നത് അള്‍തോര്‍പ്പ് എസ്റ്റേറ്റിലാണെങ്കിലും, കുടുംബത്തിന്റെ സ്ഥാനപ്പേരുകളും ഭൂമിയും മൂത്ത പുരുഷ അവകാശിക്ക് കൈമാറുന്ന പഴയ സമ്പ്രദായമായ പ്രിമോഗെനിചര്‍ നിയമമാണ് ഈ സ്വത്തിന് ബാധകമാകുന്നത്.
'അനുജന് ലഭിക്കുന്നതില്‍ സന്തോഷം; ലിംഗസമത്വത്തെ പിന്തുണയ്ക്കുന്നു' ലേഡി കിറ്റി, ലേഡി എലിസ, ലേഡി അമേലിയ എന്നിങ്ങനെ മൂന്ന് സഹോദരിമാരുടെ അനുജനാണ് ലൂയിസ്. ലൂയിസ് അള്‍തോര്‍പ്പ് എസ്റ്റേറ്റ് ലഭ്യമാകുന്ന ഈ പാരമ്പര്യം ലിംഗസമത്വത്തെ എതിര്‍ക്കുന്നതായി പല കോണുകളില്‍ നിന്നും വാദമുയരുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ചേച്ചിയുടെ പൂര്‍ണ്ണപിന്തുണ അനുജന് ലഭിക്കുന്നുണ്ട്. ''ഞാന്‍ പൂര്‍ണ്ണമായും ലിംഗസമത്വത്തെ പിന്തുണയ്ക്കുന്നു, പക്ഷേ ഇത് എന്റെ സഹോദരന്റെ ഉത്തരവാദിത്തമായിരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇത് ശരിയായ രീതിയാണെന്ന് ഞാന്‍ കരുതുന്നു '' - എന്നാണ് ലേഡി കിറ്റിയുടെ നിലപാട്.
ഓര്‍മകളില്‍ നിത്യനിദ്ര അള്‍തോര്‍പ്പ് എസ്റ്റേറ്റിലെ ഓവല്‍ തടാകത്തിന്റെ നടുവിലുള്ള ചെറിയ ദ്വീപിലാണ് ഡയാന രാജകുമാരിയെ അടക്കം ചെയ്തിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലും സ്വകാര്യത ഉറപ്പാക്കാനുമായി ഈ ശവകുടീരം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത രീതിയിലാണ് നിലനിര്‍ത്തിയിരിക്കുന്നത്. ന്മ വില്യമിനും ഹാരിക്കും ലഭിച്ച പൂര്‍വിക സ്വത്തുക്കള്‍ ഡയാന രാജകുമാരിയുടെ മരണശേഷം അമ്മയുടെ സ്വകാര്യസ്വത്തുക്കള്‍ പ്രാഥമികമായി മക്കള്‍ക്കാണ് ലഭിച്ചത്. ഇത് ഇരുവര്‍ക്കുമായി തുല്യമായി വീതിച്ചുനല്‍കി. ഈ ഫണ്ടുകള്‍ ട്രസ്റ്റുകളില്‍ നിക്ഷേപിച്ചു. ഇരുവര്‍ക്കും അവരുടെ 30കളില്‍ ഏകദേശം 10 ദശലക്ഷം പൗണ്ട് വീതം അവകാശമായി ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം (25 അടി ട്രെയിനോടുകൂടിയ സില്‍ക്ക് ടാഫ്റ്റ ഗൗണ്‍), നിരവധി ഡിസൈനര്‍ വസ്ത്രങ്ങള്‍, രണ്ട് ഡയമണ്ട് ടിയാരകള്‍ എന്നിവയുള്‍പ്പെടുന്ന സ്വകാര്യ വസ്തുക്കളും മക്കള്‍ക്കാണ് ലഭിച്ചത്. ഡയാനയുടെ ആഭരണ ശേഖരത്തില്‍ നിന്ന് ഇരുവര്‍ക്കും ഒരു പ്രത്യേക ഇനം തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ടായിരുന്നു: വില്യം അമ്മയുടെ കാര്‍ട്ടിയര്‍ വാച്ച് തിരഞ്ഞെടുത്തപ്പോള്‍, ഹാരി സഫയര്‍, ഡയമണ്ട് വിവാഹ മോതിരമാണ് തിരഞ്ഞെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ഹാരി ഈ മോതിരം വില്യമിന് നല്‍കിയതായും കെയറ്റ് മിഡില്‍ടണിനോട് വിവാഹാഭ്യര്‍ഥന നടത്താന്‍ വില്യം അത് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൈയെഴുത്ത് കത്തുകള്‍, ഫോട്ടോകള്‍, ഡയാനയുടെ അനുസ്മരണ ചടങ്ങില്‍ എല്‍ട്ടണ്‍ ജോണ്‍ ആലപിച്ച 'ക്യാന്‍ഡില്‍ ഇന്‍ ദി വിന്‍ഡ്' എന്ന ഗാനത്തിന്റെ യഥാര്‍ഥ രചനയും സംഗീതവും ഉള്‍പ്പെടെയുള്ള വൈകാരിക പ്രാധാന്യമുള്ള വസ്തുക്കളും ഇരുവര്‍ക്കും ലഭിച്ചു.
രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയ ശേഷം 2020ല്‍ തനിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും കലിഫോര്‍ണിയയിലേക്ക് മാറാന്‍ ഡയാനയില്‍ നിന്ന് ലഭിച്ച പൂര്‍വിക സ്വത്ത് സഹായിച്ചതായി പിന്നീട് ഹാരി രാജകുമാരന്‍ വെളിപ്പെടുത്തിയിരുന്നു. 'എന്റെ അമ്മ എനിക്കായി ബാക്കിവെച്ചത് ഞാന്‍ കൊണ്ടുവന്നു. അതുകൂടാതെ ഞങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുമായിരുന്നില്ല... അമ്മ ഇത് വരുന്നത് കണ്ടിരുന്നെന്ന് ഞാന്‍ കരുതുന്നു. ഈ പ്രക്രിയയിലുടനീളം ഞാന്‍ അമ്മയുടെ സാന്നിധ്യം തീര്‍ച്ചയായും അനുഭവിച്ചു' എന്നായിരുന്നു ഹാരിയുടെ വെളിപ്പെടുത്തല്‍