കൊച്ചി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഇന്ത്യയുടെ വജ്ര, രത്ന, സ്വര്‍ണാഭരണ കയറ്റുമതിയില്‍ 34% വര്‍ധനയുണ്ടാകുമെന്ന് ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍. 2024ല്‍ യുകെയിലേക്കുള്ള സ്വര്‍ണാഭരണ കയറ്റുമതി 94.10 കോടി ഡോളറിന്റേതായിരുന്നത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 245 കോടി ഡോളറാകും. ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് കൂടുതലായി ജോലി ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഈ മേഖലയിലുള്ള വ്യാപാരം 700 കോടി ഡോളറിന്റേതായി ഉയരുമെന്നും കൗണ്‍സില്‍ രേഖകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 2-4 ശതമാനം ഇറക്കുമതി തീരുവയാണ് യുകെ ചുമത്തിയിരുന്നത്. വ്യാപാരക്കരാറോടെ നികുതി പൂര്‍ണമായും ഒഴിവാകും. ഇന്ത്യയില്‍ നിന്ന് യുകെ ഇറക്കുമതി ചെയ്യുന്നതില്‍ സ്വര്‍ണം, സ്റ്റഡഡ് ആഭരണങ്ങള്‍ 36.64 കോടി ഡോളര്‍ വരും. പോളിഷ്ഡ് വജ്രം 23.04 കോടി ഡോളര്‍, വെള്ളി ആഭരണം 6.8 കോടി ഡോളര്‍ എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. ഇന്ത്യയുടെ ആകെ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതി 9050 കോടി ഡോളര്‍ ആണ്. ഇതില്‍ യുകെയില്‍ നിന്നുള്ളത് 269 കോടി ഡോളറും.