കൊച്ചി: ഇന്ത്യയും യുകെയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ (എഫ്ടിഎ) നിലവില്‍ വന്നതോടെ ബ്രിട്ടിഷ് നിര്‍മിത ആഡംബര കാറുകളുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചേക്കും. കരാര്‍ പ്രകാരം ബ്രിട്ടനില്‍ നിര്‍മിച്ച പ്രീമിയം കാറുകള്‍ക്ക് ഇന്ത്യയില്‍ ബാധകമായ ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയും. എന്നാല്‍ തിരഞ്ഞെടുത്ത മോഡലുകളില്‍പെട്ട, പരിമിത എണ്ണം ആഡംബര കാറുകള്‍ക്കു മാത്രമാവും ഇറക്കുമതിച്ചുങ്കത്തിലെ ഇളവെന്നാണു സൂചന. ഇപ്പോള്‍ യുകെയില്‍ നിര്‍മിച്ച വാഹനങ്ങള്‍ക്ക് വിലയുടെ 100% വരെയാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം. എഫ്ടിഎയിലെ ക്വോട്ട സമ്പ്രദായ പ്രകാരം ഈ തീരുവ വെറും 10% മാത്രം. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ് യൂണിറ്റ് ) വ്യവസ്ഥയില്‍ പൂര്‍ണമായി വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കാവും എഫ്ടിഎയുടെ ആനുകൂല്യം ലഭിക്കുക.
വാഹന ഇറക്കുമതിക്കുള്ള ക്വോട്ട സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഈ പരിധിക്കു മുകളിലുള്ളവയ്ക്കു സാധാരണ നിരക്കിലുള്ള നികുതിയാണു ബാധകമാവുക. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ആവും പുതിയ വ്യാപാര കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നാണു വിലയിരുത്തല്‍. റേഞ്ച് റോവര്‍ എസ്യുവി ശ്രേണിയുടെയും ജാഗ്വര്‍ നിരയില്‍ പ്രതീക്ഷിക്കുന്ന വൈദ്യുത വാഹന മോഡലുകളുടെയും വില കുറയാന്‍ കരാര്‍ ഇടയാക്കുമെന്നാണു പ്രതീക്ഷ. നിലവില്‍ ഇന്ത്യയില്‍ കൂടുതല്‍ വില്‍പനയുള്ള മോഡലുകളായ റേഞ്ച് റോവര്‍ സ്‌പോര്‍ട്, വേലാര്‍, ഇവോക് തുടങ്ങിയവ ജെഎല്‍ആര്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുകയാണ്.
അതുകൊണ്ടുതന്നെ, ജെഎല്‍ആര്‍ ശ്രേണിയില്‍പെടുന്ന, യുകെയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലുകള്‍ക്കു മാത്രമാവും കരാറിന്റെ ആനുകൂല്യം ലഭിക്കുക. ജെഎല്‍ആറിനു പുറമേ, ബിഎംഡബ്ല്യു ഗ്രൂപ്പില്‍പെട്ട മിനി കൂപ്പറിനും കരാര്‍ ഗുണം ചെയ്‌തേക്കും. കമ്പനിയുടെ ക്ലബ് മാന്‍, കണ്‍ട്രി മാന്‍ കാറുകള്‍ക്കും വില കുറയും. പ്രീമിയം നിര്‍മാതാക്കളായ ബെന്റ്‌ലി, റോള്‍സ് റോയ്‌സ്, ആസ്റ്റന്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്കും എഫ്ടിഎ ഗുണകമരമാവും. എന്നാല്‍ ഈ കമ്പനികളുടെ കാറുകളുടെ നിര്‍മാണം നടക്കുന്നത് പൂര്‍ണമായും ബ്രിട്ടനില്‍ അല്ലെന്നതിനാല്‍ എത്രത്തോളം ഇളവുകള്‍ ലഭിക്കുമെന്നതില്‍ അവ്യക്തതയുണ്ട്. കരാര്‍ നിഷ്‌കര്‍ഷിക്കുന്ന ക്വോട്ട സമ്പ്രദായമാണ് ബ്രിട്ടിഷ് നിര്‍മാതാക്കളെ കാത്തിരിക്കുന്ന വെല്ലുവിളി. നിര്‍ദിഷ്ട പരിധി പിന്നിട്ടാല്‍ തുടര്‍ന്നുള്ള ഇറക്കുമതിക്കു സാധാരണ തീരുവ ബാധകമാവുമെന്നാണു കരാര്‍ വ്യവസ്ഥ.