ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ ബ്രിട്ടീഷ് പൗരനായ മുപ്പതു വയസ്സുകാരനെ കുത്തികൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഫെല്‍ബ്രിജ് റോഡിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വച്ച് ജൂലൈ 23നാണ് ഗുര്‍മുഖ് സിങ്ങ് കൊല്ലപ്പെട്ടതെന്ന് മെട്രോപൊളീറ്റന്‍ പൊലീസ് വ്യക്തമാക്കി. ഒന്നിലധികം തവണ കുത്തേറ്റ സിങ്ങിന് എമര്‍ജന്‍സി മെഡിക്കല്‍ സംഘമെത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടത് തുടയില്‍ ഗുരുതരമായി കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്?മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരസ്പരം അറിയുന്നവര്‍ തന്നെയാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. കേസില്‍ 27കാരനായ അമര്‍ദീപ് സിങ്ങിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 5ന് വിചാരണ തുടങ്ങുന്നത് വരെ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 3 സ്ത്രീകള്‍ ഉള്‍പ്പെടെ 4 പേര്‍ ഒക്ടോബര്‍ വരെ ജാമ്യത്തില്‍ പുറത്തിറങ്ങിയതായും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.