|
യുകെയില്‍ ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് ചുമതലയേറ്റു. പതിനഞ്ചാമത് വെയ്ല്‍സ് ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ചെറി വാന്‍ ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് മാത്രമല്ല, ആദ്യ സ്വവര്‍ഗാനുരാഗിയായ ആര്‍ച്ച് ബിഷപ്പ് കൂടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മണ്മൗത്തിലെ ബിഷപ്പ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ലെസ്റ്റര്‍ സ്വദേശിയായ വാന്‍. മൂന്നര വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ മാസം വിരമിച്ച ആന്‍ഡ്രൂ ജോണിന് പകരമായാണ് ചെറി വാന്‍ ആര്‍ച്ച് ബിഷപ്പ് ആകുന്നത്.
വെയില്‍സിലെ ബാംഗോര്‍ കത്തീഡ്രലില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ലൈംഗികബന്ധ അതിര്‍ത്തികള്‍ മായുന്നതായും ക്രമരഹിതമായ ലൈംഗിക ബന്ധം സ്വീകാര്യമായി കഴിഞ്ഞതായും പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, അന്നത്തെ ആര്‍ച്ച് ബിഷപ്പ് ആയ ആന്‍ഡ്രൂ ജോണ്‍ ചില പെരുമാറ്റ ദൂഷ്യങ്ങള്‍ പ്രകടിപ്പിച്ചതായും അതില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. അസഭ്യമായ ഭാഷ ഉപയോഗിക്കുക, അശ്ലീലം കലര്‍ന്ന തമാശകള്‍ പറയുക, പ്രസംഗത്തിനിടെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുക തുടങ്ങിയവയായിരുന്നു ജോണിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.
1989 ല്‍ ആയിരുന്നു ചെറി വാന്‍ സഹപുരോഹിതയായി ചുമതല ഏല്‍ക്കുന്നത്. തുടര്‍ന്ന് 1994ല്‍ ആംഗ്ലിക്കന്‍ സഭയിലെ ഒരു പള്ളിയിലെ ആദ്യ വനിത പുരോഹിതയായി അവര്‍ ചുമതല ഏറ്റെടുത്തു. പിന്നീട് 11 വര്‍ഷക്കാലം അവര്‍ റോച്ച്ഡേല്‍ ആര്‍ച്ച്ഡീകോണ്‍ ആയി പ്രവര്‍ത്തിച്ചു. കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ ഉയര്‍ന്നു വന്ന പരാതികള്‍ക്ക് അനുയോജ്യമായ പരിഹാരം കാണുക എന്നതാണ് തന്റെ പ്രഥമ കര്‍ത്തവ്യം എന്ന് അവര്‍ പറഞ്ഞു. മാത്രമല്ല, വിശ്വാസികള്‍ക്കിടയില്‍ സഭയുടെ പ്രതിച്ഛായ ഉയര്‍ത്തുക എന്നതും തന്റെ ലക്ഷ്യമാണെന്നും അവര്‍ പറഞ്ഞു. |