ലണ്ടന്‍: എന്‍.എച്ച്. എസ് ഇംഗ്ലണ്ടില്‍ നഴ്‌സുമാര്‍ക്കായി നിര്‍ദേശിച്ച കേവലം 3.6 ശതമാനത്തിന്റെ ശമ്പള വര്‍ധന റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) അംഗങ്ങള്‍ തള്ളി. വോട്ടിങ്ങില്‍ പങ്കെടുത്ത 1,70,000 അംഗങ്ങളില്‍ 91 ശതമാനം പേരും നിര്‍ദേശത്തെ എതിര്‍ത്തു. തികച്ചും അപഹാസ്യമായ നിര്‍ദേശം എന്നായിരുന്നു ആര്‍സിഎന്‍ നേതൃത്വം നേരത്തെ ഇതിനെ വിശേഷിപ്പിച്ചത്. അത് ശരിവയ്ക്കുന്ന തീരുമാനമാണ് അംഗങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു തയാറായി പ്രശ്‌നപരിഹാരം ഉണ്ടാക്കാത്ത പക്ഷം ഡോക്ടര്‍മാര്‍ക്കു പിന്നാലെ നഴ്‌സുമാരും ശമ്പള വര്‍ധനയ്ക്കായി സമരരംഗത്തേക്ക് ഇറങ്ങും. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പ്രിസര്‍ ഓഫിസര്‍മാര്‍, സായുധസേനാംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിയതിനേക്കാള്‍ നാമമാത്ര ശമ്പള വര്‍ധനയാണ് നഴ്‌സുമാര്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. ഇതിനോടകം തന്നെ പണപ്പെരുപ്പത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് ശമ്പള വര്‍ധനകള്‍ നടപ്പാക്കി കഴിഞ്ഞെന്നും അതിനാല്‍ പുതിയ നിര്‍ദേശം അംഗീകരിക്കാന്‍ യൂണിയനുകള്‍ തയാറാകണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
ആംബുലന്‍സ് ടീം ഉള്‍പ്പെടെയുള്ള മറ്റു ആരോഗ്യ പ്രവര്‍ത്തകരെ പ്രതിനീധികരിക്കുന്ന ജി.എം.പി യൂണിയന്‍ കഴിഞ്ഞയാഴ്ച തന്നെ 3.6 ശതമാനം എന്ന ശമ്പള വര്‍ധനാ നിര്‍ദേശം ബാലറ്റിലൂടെ തള്ളിയിരുന്നു. 67 ശതമാനം ജീവനക്കാരും ഈ നിര്‍ദേശം അപര്യാപ്തമാണെന്ന നിലപാടാണ് എടുത്തത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആര്‍.സി.എന്നും സമാനമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ശമ്പള വര്‍ധനയില്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കിലും നിലവിലെ അജണ്ട ഫോര്‍ ചെയ്ഞ്ച് എന്ന കരാര്‍ വ്യവസ്ഥയിലെ പൊളിച്ചെഴുത്തിലൂടെ മഹാഭൂരിപക്ഷം വരുന്ന തുടക്കക്കാരായ നഴ്‌സുമാര്‍ക്കും ശമ്പള വര്‍ധന സാധ്യമാക്കാമെന്ന നിര്‍ദേശമാകും യൂണിയന്‍ പ്രധാനമായും ചര്‍ച്ചകളില്‍ മുന്നോട്ടു വയ്ക്കുന്നത്.
നിലവില്‍ ബാന്‍ഡ് -5 നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 30,000 പൗണ്ടാണ്. എട്ടും പത്തും വര്‍ഷം കഴിഞ്ഞാലും അതേ ബാന്‍ഡില്‍ പരമാവധി 38,000 പൗണ്ടുവരെയാണ് അവര്‍ക്ക് ശമ്പളമായി ലഭിക്കുക. ഈ സാഹചര്യം ഒഴിവാക്കാന്‍ ബാന്‍ഡ് -5 നഴ്‌സുമാര്‍ക്ക് നിശ്ചിത കാലത്തെ സേവനത്തിനുശേഷം സ്വാഭാവികമായി ബാന്‍ഡ്- 6ലേക്ക് പ്രമോഷന്‍ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്നാണ് യൂണിയന്റെ നിര്‍ദേശം. സമാനമായ പ്രമോഷന്‍ മറ്റു ബാന്‍ഡുകളിലും ഉണ്ടാകണം. ഇതു സാധ്യമായാല്‍ നിലവിലെ ശമ്പളവര്‍ധനയിലൂടെ തന്നെ എല്ലാവര്‍ക്കും കാര്യമായ വര്‍ധനയുണ്ടാകും. ഇത്തരമൊരു തീരുമാനം ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞാല്‍ സമരം ഒഴിവാക്കിയുള്ള പരിഹാരത്തിന് യൂണിയന്‍ തയാറായേക്കുമെന്നാണ് സൂചന. ഇതിനിടെ ശമ്പള വര്‍ധനയ്ക്കായുള്ള ഡോക്ടര്‍മാരുടെ അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരം ബുധനാഴ്ച അവസാനിച്ചു. സമരത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘടനയുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തയാറായിട്ടുണ്ട്.