ലണ്ടന്‍: അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്ററി റിപ്പോര്‍ട്ട്. മനുഷ്യാവകാശങ്ങള്‍ക്കായുള്ള സംയുക്ത സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിദേശത്തുള്ള വിമതരെ ലക്ഷ്യമിടുന്ന കാര്യത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും റിപ്പോര്‍ട്ടില്‍ ഇന്ത്യയെയും പരാമര്‍ശിക്കുന്നു. യുകെയിലെ രാഷ്ട്രീയ എതിരാളികള്‍, ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ ലക്ഷ്യമിട്ട് ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ രാജ്യാന്തര അടിച്ചമര്‍ത്തല്‍ നടത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രാജ്യങ്ങള്‍ ഭയം ജനിപ്പിക്കുകയും, അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്തുകയും അവരുടെ സുരക്ഷിതത്വബോധത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും കുറ്റപ്പെടുത്തുന്നു.
ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് സംവിധാനം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി രാജ്യങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ആരോപിക്കുന്നു. അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം ഇന്ത്യയില്‍ നിരോധിക്കപ്പെട്ട യുകെ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ്, മറ്റ് സിഖ് അഭിഭാഷക ഗ്രൂപ്പുകള്‍ എന്നിവയെയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെ ചില ഉറവിടങ്ങളായി റിപ്പോര്‍ട്ടിന്റെ അനുബന്ധങ്ങള്‍ ഉദ്ധരിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടക്കുന്നത് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഈ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കാത്തതും സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ളതുമാണ്. റിപ്പോര്‍ട്ട് പ്രധാനമായും നിരോധിത സ്ഥാപനങ്ങളുമായും ഇന്ത്യാവിരുദ്ധ ശത്രുതയുടെ വ്യക്തമായ, രേഖപ്പെടുത്തിയ ചരിത്രമുള്ള വ്യക്തികളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്നുവെന്നും ജയ്സ്വാള്‍ പറഞ്ഞു.