ലണ്ടന്‍: സമൂഹമാധ്യമങ്ങള്‍ക്കുമേല്‍ യുകെ ഓണ്‍ലൈന്‍ സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുമെന്ന് ഇലോണ്‍ മസ്‌ക്. വെള്ളിയാഴ്ച എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ നിയമം, കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുമായി ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും പോണ്‍ വെബ്സൈറ്റുകളിലും കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവരിക. എന്നാല്‍ രാഷ്ട്രീയക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരും കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ ചിലരും ഈ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. നിയമം നിയമപരമായ ഉള്ളടക്കങ്ങളുടെ സെന്‍സര്‍ഷിപ്പിന് വഴിവെക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു. നിയമം പിന്‍വലിക്കണമന്നാവശ്യപ്പെട്ട് 4.68 ലക്ഷം പേര്‍ ഒരു ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്തായാലും നിയമം എത്രയും വേഗം നടപ്പിലാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെല്ലാം വേട്ടക്കാരുടെ പക്ഷത്താണെന്ന് യുകെ ടെക്നോളജി സെക്രട്ടറി പീറ്റര്‍ കൈല്‍ പറഞ്ഞു.
നിയമം പാലിച്ച് എക്സില്‍ പ്രായപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സേഫ്റ്റിയുടെ പേരില്‍ സെന്‍സര്‍ഷിപ്പ് വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് ജനപ്രതിനിധികള്‍ എടുത്തതെന്ന് എക്സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. കര്‍ശന നിബന്ധനകള്‍ നടപ്പിലാക്കാനുള്ള സമയപരിധി കുറവായിരുന്നുവെന്ന് എക്സ് പറയുന്നു. എങ്കിലും അത് പാലിക്കാനുള്ള ശ്രമത്തിലാണ്. എന്നിട്ടും കടുത്തഭീഷണികളും പിഴകളും സെന്‍സര്‍ഷിപ്പും നേരിടുന്നുണ്ടെന്നും എക്സ് പറയുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനും സന്തുലിതമായ സമീപനമാണ് ഏകവഴിയെന്നാണ് എക്സ് പറയുന്നത്. യുകെയില്‍ ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് കാര്യമായ മാറ്റങ്ങള്‍ വേണമെന്നും എക്സ് പറഞ്ഞു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടുന്നതാണ് ഓണ്‍ലൈന്‍ സുരക്ഷാ നിയമമെന്ന് യുകെ ഭരണകൂടത്തിന്റെ വക്താവ് പ്രതികരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നിയമപരമായ ചുമതല തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.