|
2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന് തിരിച്ചടി. കൈവിട്ട കോര്‍പ്പറേഷനുകള്‍ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളില്‍ ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളില്‍ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടി. അതേസമയം, തിരുവനന്തപുരം നേടി എന്‍ഡിഎ ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ സ്വന്തമാക്കി. കഴിഞ്ഞ തവണ 5 കോര്‍പറേഷനുകള്‍ ഭരിച്ച എല്‍ഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020ല്‍ കണ്ണൂര്‍ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനായി. കൊല്ലം കോര്‍പ്പറേഷനില്‍ വന്‍ അട്ടമിറിയാണ് യുഡിഎഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകള്‍ കൂട്ടാനും യുഡിഎഫിനു സാധിച്ചു.86 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എന്‍ഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളില്‍ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 143-ല്‍ 81 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. 63 എണ്ണം ഇടതു മുന്നണി നേടി.
ഗ്രാമപഞ്ചായത്തുകളില്‍ 500 എണ്ണത്തില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതു മുന്നണി 342 നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് സ്വന്തമായത് 25. എട്ടെണ്ണം മറ്റുള്ളവരും സ്വന്തമാക്കി. |