|
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ സൈബറിടത്തില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശറിന് 16 ദിവസത്തെ റിമാന്‍ഡിനു ശേഷമാണ് തിങ്കളാഴ്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്.
സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാന്‍ സാധിക്കുംവിധമുള്ള വിവരങ്ങള്‍ പങ്കുവെച്ചതായി ആരോപിച്ചാണ് നടപടി.
സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, മറ്റ് കേസുകളില്‍ അകപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്. രാഹുല്‍ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും രണ്ടു ദിവസത്തെ കസ്റ്റഡിവേണമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത്രയും ദിവസത്തിന് ശേഷം എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതി ചോദിച്ചത്. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. |