ലണ്ടന്‍: റഷ്യയില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇസ്രായേലിന്റെ 'അയണ്‍ ഡോം' മാതൃകയിലുള്ള അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉപയോഗിക്കാനുള്ള റഷ്യയുടെ വര്‍ധിച്ചുവരുന്ന ശേഷിയും സന്നദ്ധതയും കണക്കിലെടുത്താണ് രാജ്യം ഈ നിര്‍ണായക നീക്കത്തിന് തയ്യാറെടുക്കുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആകാശത്തു നിന്നുള്ള വലിയ ഭീഷണികള്‍ ബ്രിട്ടന്‍ നേരിട്ടിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യം വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സര്‍ റിച്ചഡ് നൈറ്റണ്‍ വ്യക്തമാക്കി. 'ഇന്റഗ്രേറ്റഡ് എയര്‍ ആന്‍ഡ് മിസൈല്‍ ഡിഫന്‍സ്' സംവിധാനം രാജ്യത്തിന് അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശത്രുക്കളുടെ ഹ്രസ്വദൂര റോക്കറ്റുകള്‍, പീരങ്കി ഷെല്ലുകള്‍, ഡ്രോണുകള്‍ എന്നിവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ കണ്ടെത്തി തകര്‍ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി റഡാര്‍ സംവിധാനങ്ങള്‍ നവീകരിക്കുന്നതിനും ഡ്രോണ്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി വന്‍തോതിലുള്ള നിക്ഷേപം സര്‍ക്കാര്‍ പദ്ധതിയിടുന്നു. യുകെ ഡിഫന്‍സ് ഇന്നൊവേഷന്‍ ബജറ്റായ 400 മില്യന്‍ പൗണ്ടിന്റെ മൂന്നിലൊന്ന് ഭാഗം ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കായി മാത്രം നീക്കിവെക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പാര്‍ലമെന്റില്‍ അറിയിച്ചു.
റഷ്യ ആക്രമണകാരിയും വിപുലീകരണ മോഹവുമുള്ള രാജ്യമാണെന്ന് ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ MI6 മേധാവി ബ്ലെയ്‌സ് മെട്രെവെലി തന്റെ ആദ്യ പൊതുപ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധമുഖം അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സൈബര്‍ ആക്രമണങ്ങളും അട്ടിമറികളും വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാറ്റോ സഖ്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഏകീകൃത മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കുറവാണെന്ന് സര്‍ റിച്ചഡ് സമ്മതിച്ചു. നിലവില്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങളും ടൈപ്പ് 45 ഡിസ്‌ട്രോയറുകളും ഉപയോഗിച്ച് മിസൈലുകളെ നേരിടാന്‍ ബ്രിട്ടന് ശേഷിയുണ്ടെങ്കിലും, ആധുനിക യുദ്ധതന്ത്രങ്ങളെ നേരിടാന്‍ ഇത് മതിയാകില്ലെന്നാണ് വിലയിരുത്തല്‍.
2026ല്‍ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ഈ വിഷയം പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ ബ്രിട്ടന്റെ വ്യോമ പ്രതിരോധ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി രാജ്യം കൂടുതല്‍ സുരക്ഷിതമാകുമെന്ന് സര്‍ റിച്ചഡ് പ്രത്യാശ പ്രകടിപ്പിച്ചു