|
ബോണ്‍മൗത്തിലെ മലയാളി നഴ്സ് കൊട്ടാരക്കര സ്വദേശിനി സുഷ പ്രേംജിത്ത് അംഗീകൃത കോച്ച് ഡ്രൈവറായി അംഗീകാരം നേടി. യുകെയിലെ നാഷണല്‍ എക്സ്പ്രസിന്റെ ഡ്രൈവറായി ഇനി സുഷയ്ക്ക് ജോലി ചെയ്യാം. റോയല്‍ ബോണ്‍മൗത്ത് ആശുപത്രിയിലെ നഴ്സായ സുഷ പ്രേംജിത്ത് 2005ല്‍ കുവൈറ്റില്‍ ജോലി ആരംഭിക്കുകയും 2020ല്‍ യുകെയിലേക്ക് എത്തുകയുമായിരുന്നു. 2023 മുതല്‍ ബോണ്‍മൗത്തിലായാണ് കുടുംബസമേതം താമസിക്കുന്നത്. ഭര്‍ത്താവ് പ്രേംജിത്ത്. മക്കള്‍ അരുണിമ, അഭിനന്ദ്.
നഴ്സിംഗ് ജോലിയ്ക്കിടെയില്‍ സമയം കണ്ടെത്തി കഠിന പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സുഷ ഈ നേട്ടം കൈവരിച്ചത്. സുഷയുടെ സഹോദരന്‍ ചെങ്ങന്നൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമാണ്.
യുകെയിലെ ഡ്രൈവിംഗ് രീതി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇവിടെ ഒരു ബസ് ഓടിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. റോഡുകള്‍, നിയമങ്ങള്‍ എല്ലാം കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍, ഒരിക്കല്‍ പരിശീലനത്തിനിടെ ഒരു സ്ത്രീ, താനൊരു സ്ത്രീയായതുകൊണ്ട് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് സുഷയ്ക്ക് വലിയ പ്രചോദനമായി മാറുകയായിരുന്നു. അന്ന് ആ വാക്കുകള്‍ ഏറെ വേദനിപ്പിച്ചെങ്കിലും പിന്നീടത് പ്രചോദനമായി മാറി. പുരുഷന്മാര്‍ക്ക് കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയുമെന്നത് ആത്മവിശ്വാസമാക്കി വളര്‍ത്തുകയായിരുന്നു സുഷ. |