ലണ്ടന്‍: ഇംഗ്ലണ്ടില്‍ പ്രസവശേഷമുള്ള ഗുരുതര രക്തസ്രാവം വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി. 2020-ല്‍ ആയിരം പ്രസവങ്ങള്‍ക്ക് 27 കേസുകളായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 32 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ അപകടസാധ്യതയില്‍ 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. പ്രസവങ്ങളുടെ എണ്ണം കുറയുമ്പോഴും രക്തസ്രാവ കേസുകള്‍ ഉയരുന്നത് എന്‍എച്ച്എസ് മാതൃത്വ സേവനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് കടുത്ത ആശങ്ക ഉയര്‍ത്തുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം 16,780 സ്ത്രീകള്‍ക്ക് പ്രസവശേഷം കുറഞ്ഞത് 1.5 ലിറ്റര്‍ രക്തം നഷ്ടപ്പെട്ടു. ലോകത്ത് മാതൃത്വ മരണങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ഈ രക്തസ്രാവം. യുകെയിലെ മാതൃത്വ മരണങ്ങളില്‍ ഏകദേശം ഏഴ് ശതമാനത്തിനും ഇതാണ് കാരണം. സാധാരണ രക്തസ്രാവം പലര്‍ക്കും ഉണ്ടാകാറുണ്ടെങ്കിലും, അമിതമായ രക്തനഷ്ടം ഗുരുതര അപകടമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗര്‍ഭധാരണം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതാണ് രക്തസ്രാവം വര്‍ധിക്കാന്‍ പ്രധാന കാരണം എന്ന് വിദഗ്ധര്‍ പറയുന്നു. അമിതവണ്ണം, പ്രായം കൂടിയതിനു ശേഷം ഗര്‍ഭധാരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവ അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെട്ട നിരവധി പ്രസവ കേന്ദ്രങ്ങളെ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. മാതൃത്വ പരിചരണം മെച്ചപ്പെടുത്താന്‍ ദേശീയ തലത്തില്‍ പുതിയ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു