റീഡിങ്: നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ സോഷ്യല്‍ മീഡിയയില്‍ 'പെന്‍ഫ്‌ലുവന്‍സര്‍' എന്നറിയപ്പെട്ടിരുന്ന അകാന്‍ക്ഷ ആദിവാരിക്കറിന് (37) മാനസികാരോഗ്യ ചികിത്സ നല്‍കാന്‍ ഉത്തരവിട്ടു. പ്രതിക്ക് കുറ്റകൃത്യം ചെയ്യുമ്പോള്‍ മാനസിക വിഭ്രാന്തി അനുഭവപ്പെട്ടിരുന്നുവെന്ന് സൈക്യാട്രിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റീഡിങ് ക്രൗണ്‍ കോടതിയുടെ വിധി.
ജൂണ്‍ 10നാണ് സംഭവം നടന്നത്. മെയ്ഡന്‍ഹെഡിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന മകന്‍ അഗസ്ത്യ ഹെഗിഷ്‌തെയെ കഴുത്തില്‍ 11 തവണ കുത്തിയാണ് അകാന്‍ക്ഷ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുളിമുറിയില്‍ വയ്ക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ വൈകിട്ട് 6 മണിയോടെ രക്തം പുരണ്ട വസ്ത്രങ്ങളോടെ ബസില്‍ യാത്ര ചെയ്ത് സെന്റ് മാര്‍ക്ക് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെത്തി താന്‍ മകനെ കൊന്നുവെന്ന് ഡോക്ടര്‍മാരോട് വെളിപ്പെടുത്തി.
'മകനോട് സാധാരണവും സ്‌നേഹപൂര്‍വ്വവുമായ ബന്ധമുണ്ടായിരുന്നു. കുറ്റകൃത്യത്തിന് യുക്തിസഹമായ ഉദ്ദേശ്യമൊന്നുമില്ല. മാനസിക വിഭ്രാന്തിയാണ് കാരണം. അതിനാല്‍ ശിക്ഷയല്ല, ചികിത്സയാണ് ആവശ്യം' - ജഡ്ജി ഗ്രീവ് വിധിയില്‍ വ്യക്തമാക്കി. ഭര്‍ത്താവും കോടതിയില്‍ ചികിത്സ ആവശ്യപ്പെട്ടിരുന്നു.
ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്ഫോമില്‍ ഫൗണ്ടന്‍ പേനകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് 'പെന്‍ഫ്‌ലുവന്‍സര്‍' എന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു അകാന്‍ക്ഷ. യുകെയിലേക്ക് കുടിയേറുന്നതിനുമുമ്പ് മുംബൈയില്‍ ദന്തരോഗവിദഗ്ദ്ധയായി ജോലി ചെയ്തിരുന്ന അവര്‍, ജോലിസ്ഥലത്തെ പ്രശ്നങ്ങളെ തുടര്‍ന്ന് മേയ് മാസത്തില്‍ രാജിവച്ചിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ജോലിസ്ഥലത്തെ പ്രകടനത്തെ ബാധിച്ചിരുന്നുവെന്ന് സൈക്കോളജിസ്റ്റ് ഡോ. ഇയാന്‍ കൂയ്മാന്‍ കോടതിയെ അറിയിച്ചു.
ഇന്ത്യയില്‍ വച്ച് തന്നെ പ്രതിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അവര്‍ ഓക്സ്ഫോര്‍ഡ്ഷെയറിലെ ലിറ്റില്‍മോര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നിരീക്ഷണത്തിലാണ്