|
യുകെയില്‍ ലൈംഗിക കുറ്റങ്ങളിലെ ക്രിമിനലുകളെ പൂട്ടാന്‍ ബൃഹത് പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഗവണ്‍മെന്റ് നീക്കം. ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ പ്രതികള്‍ അനായാസം രക്ഷപ്പെടുന്നുവെന്ന ആരോപണങ്ങള്‍ ഇല്ലാതാക്കാനാണ് ഈ നടപടി.
ബ്രിട്ടീഷ് ചരിത്രത്തില്‍ തന്നെ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ ഏറ്റവും വലിയ നടപടിയെന്നാണ് ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. മനുഷ്യാവകാശ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വിദേശ ലൈംഗിക കുറ്റവാളികളെ അതിവേഗം നാടുകടത്താനും, അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളുടെ അടിവേര് അറുക്കുകയുമാണ് ലക്ഷ്യം.
യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് വിധികള്‍ പ്രകാരമുള്ള കുടും ജീവിതത്തിനുള്ള അവകാശം പോലുള്ള നിയമങ്ങള്‍ അഭയാര്‍ത്ഥി അപേക്ഷകര്‍ ഉപയോഗിക്കുന്നത് തടയാനും ലേബര്‍ തയ്യാറാകും. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഒഴിവാക്കല്‍ സോണുകളും, കര്‍ഫ്യൂവും, കൂടുതല്‍ ഇലക്ട്രോണിക് ടാഗിംഗും വരും. |