Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
UK Special
  Add your Comment comment
യുകെ കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന മാറ്റം; ഇന്ത്യന്‍ നഴ്‌സുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി
reporter

ലണ്ടന്‍: വിദേശത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ഇഷ്ടരാജ്യമായിരുന്ന യുകെയില്‍ കുടിയേറ്റ നിയമങ്ങളില്‍ വന്ന കര്‍ശന മാറ്റങ്ങള്‍ വലിയ തിരിച്ചടിയായി. ജോലി സാധ്യതകളും അനുകൂലമായ നിയമങ്ങളും ഇന്ത്യക്കാരെ ആകര്‍ഷിച്ചിരുന്നെങ്കിലും, ഈ വര്‍ഷം ജൂലൈയില്‍ നടപ്പാക്കിയ നിയമപരിഷ്‌കാരങ്ങള്‍ വിസാ അപ്രൂവലില്‍ വലിയ ഇടിവുണ്ടാക്കി.

ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസകളില്‍ 67 ശതമാനവും, നഴ്‌സിങ് വിസകളില്‍ 79 ശതമാനവും, ഐടി വിസകളില്‍ 20 ശതമാനവും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതും നിയന്ത്രിക്കാനുമായി ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള യുകെ സര്‍ക്കാര്‍ വിസാ മാര്‍ഗങ്ങള്‍ കര്‍ശനമാക്കിയതാണ് ഇതിന് പിന്നില്‍.

ആരോഗ്യമേഖലയിലാണ് മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. യുകെയിലെ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് നികത്താന്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ വലിയ പങ്കുവഹിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസ ലഭിക്കാന്‍ കൂടുതല്‍ കടമ്പകളുണ്ട്. ശമ്പള പരിധി കൂട്ടി, യോഗ്യതാ പരിശോധനകള്‍ കര്‍ശനമാക്കി, കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സങ്കീര്‍ണ്ണമാക്കി. പിആര്‍ ലഭിക്കാനുള്ള കാലയളവ് 10 വര്‍ഷമായി നീട്ടാനും നീക്കമുണ്ട്.

നിലവില്‍ യുകെയിലുള്ള നഴ്‌സുമാരില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍, മറ്റു ചിലര്‍ കാനഡ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ ആലോചിക്കുന്നു. ഐടി പ്രൊഫഷണലുകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ തിരിച്ചടിയായി. മുന്‍പ് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ യോഗ്യത നേടിയിരുന്ന പല ജോലികള്‍ക്കും ഇപ്പോള്‍ വിസ ലഭിക്കാന്‍ പ്രയാസമാണ്. ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് വര്‍ധിച്ചതോടെ കമ്പനികള്‍ക്ക് വിദേശികളെ നിയമിക്കുന്നത് കൂടുതല്‍ ചെലവേറിയതായി.

വിദ്യാര്‍ത്ഥികള്‍ക്കും വിസാ നിയമത്തിലെ മാറ്റങ്ങള്‍ ബാധിച്ചു. പഠനശേഷം ജോലി ചെയ്യാനുള്ള ഗ്രാജ്വേറ്റ് റൂട്ട് വിസയുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറച്ചു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കി. ഇതോടെ പഠനം കഴിഞ്ഞ് ജോലി കണ്ടെത്താന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം കുറയുന്നു.

ഇന്ത്യക്കാര്‍ ഈ മാറ്റങ്ങളോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. ചിലര്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുള്ളപ്പോള്‍, മറ്റു ചിലര്‍ കാനഡ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് പദ്ധതികള്‍ മാറ്റുന്നു. യുകെയുടെ കുടിയേറ്റ നയത്തില്‍ വന്ന മാറ്റം താത്കാലികമല്ലെന്നും പെട്ടെന്ന് പഴയ നിലയിലേക്ക് മാറാന്‍ സാധ്യതയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിസാ അപ്രൂവല്‍, പഠനശേഷമുള്ള തൊഴില്‍ അവസരങ്ങള്‍, താമസകാലയളവ് എന്നിവ കുറച്ചും യോഗ്യതാ മാനദണ്ഡങ്ങള്‍ കൂട്ടിയും കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുകയാണ് യുകെ. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുകൂല സാഹചര്യം കുറഞ്ഞിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും

 
Other News in this category

 
 




 
Close Window