|
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). മുഖ്യപ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന എട്ട് സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 21 ഇടങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 100 ഗ്രാം സ്വര്‍ണക്കട്ടിയും പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ജനുവരി 20-ന് കൊച്ചി സോണല്‍ ഓഫീസിലെ ഇഡി സംഘം കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരള പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്‌പോണ്‍സര്‍മാര്‍, ജ്വല്ലറി ഉടമകള്‍ എന്നിവര്‍ ഉള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചന ഈ അന്വേഷണത്തില്‍ വെളിപ്പെട്ടുവെന്നും ഇഡി വ്യക്തമാക്കി |