Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
UK Special
  Add your Comment comment
വെയില്‍സില്‍ ചരിത്രവിജയം നേടി പ്ലെയ്ഡ് കംറി; ലേബറിന് കനത്ത തിരിച്ചടി
reporter

ലണ്ടന്‍/കാര്‍ഡിഫ്: യുകെയുടെ അംഗരാജ്യങ്ങളിലൊന്നായ വെയില്‍സില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്ലെയ്ഡ് കംറി ചരിത്രവിജയം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 96 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് 43 സീറ്റുകള്‍ ലഭിച്ചു. 34 സീറ്റുകള്‍ നേടിയ റിഫോം യുകെയാണ് പ്രധാന പ്രതിപക്ഷ കക്ഷിയായി ഉയര്‍ന്നത്. 27 വര്‍ഷമായി വെയില്‍സില്‍ അധികാരത്തിലിരുന്ന ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. 2021ലെ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടിയിരുന്ന പാര്‍ട്ടി ഇത്തവണ വെറും 9 സീറ്റുകളിലേക്ക് ചുരുങ്ങി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 7 സീറ്റുകളും ഗ്രീന്‍ പാര്‍ട്ടിക്ക് 2 സീറ്റുകളും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ഒരു സീറ്റും ലഭിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്ലെയ്ഡ് കംറി നേതാവ് റൂണ്‍ ആപ് ഇയോര്‍വെര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യ തികയ്ക്കാനായില്ലെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പാര്‍ട്ടിയായി പ്ലെയ്ഡ് കംറി മാറിയിരിക്കുകയാണ്.

മറ്റ് പാര്‍ട്ടികളുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനാര്‍ഥിയായി താന്‍ തന്നെ മുന്നോട്ടുവരുമെന്നും റൂണ്‍ ആപ് ഇയോര്‍വെര്‍ത്ത് അറിയിച്ചു. പുതിയ വെല്‍ഷ് സര്‍ക്കാരിനെ നയിക്കുന്ന നേതാവിനെ തീരുമാനിക്കാന്‍ പാര്‍ലമെന്റായ സിനഡില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. കനത്ത തോല്‍വിയെ തുടര്‍ന്ന് നിലവിലെ ഫസ്റ്റ് മിനിസ്റ്ററായ എളുന്‍ഡ് മോര്‍ഗാന്‍ വെല്‍ഷ് ലേബര്‍ പാര്‍ട്ടി നേതൃപദവിയില്‍ നിന്ന് രാജിവച്ചു. 1922 മുതല്‍ വെയില്‍സിലെ എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്ന ലേബര്‍ പാര്‍ട്ടി, 1999ല്‍ സിനഡ് നിലവില്‍ വന്നതുമുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ 27 വര്‍ഷമായി വെല്‍ഷ് സര്‍ക്കാര്‍ ലേബറിന്റെ നേതൃത്വത്തിലായിരുന്നു.

തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് നൈജല്‍ ഫെറാഷിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെയായിരുന്നു. ഇതോടെ ഭരണകക്ഷിയായിരുന്ന ലേബര്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ''വിഭജന രാഷ്ട്രീയത്തിനുമേല്‍ പ്രതീക്ഷയെയും, കലാപത്തിനുമേല്‍ വിശ്വാസ്യതയെയും, മന്ദഗതിക്കുമേല്‍ പുരോഗതിയെയുമാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്,'' എന്ന് ഫലം പുറത്തുവന്നതിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് റൂണ്‍ ആപ് ഇയോര്‍വെര്‍ത്ത് പറഞ്ഞു. സ്വതന്ത്ര വെയില്‍സിനായി നിലപാട് സ്വീകരിക്കുന്ന പ്ലെയ്ഡ് കംറി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആ വിഷയം ശക്തമായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. അധികാരത്തിലെത്തുന്ന ആദ്യ കാലാവധിക്കിടെ സ്വതന്ത്ര രാജ്യത്തിനായുള്ള റഫറണ്ടം ആവശ്യപ്പെടില്ലെന്നും, എന്നാല്‍ സ്വതന്ത്ര വെയില്‍സിനുള്ള സാധ്യതകളും അടിസ്ഥാനങ്ങളും പഠിക്കാന്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window