കമ്പനി ആവശ്യങ്ങള്‍ക്ക് സ്വകാര്യ ജെറ്റില്‍ പോകാന്‍ വിസമ്മതിച്ചതിന് പിന്നാലെ വിമര്‍ശനം നേരിടേണ്ടിവന്നയാളാണ് മുന്‍ സി-സ്യൂട്ട് എക്‌സിക്യൂട്ടീവ് ജൂലി ഫെഡേല്‍. ജൂലിയുടെ അനുഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 20 വര്‍ഷത്തോളം ലണ്ടനിലും മെല്‍ബണിലുമായി കോര്‍പ്പറേറ്റ് രംഗത്ത് പ്രവര്‍ത്തിച്ച ജൂലി, തനിക്ക് നേരിടേണ്ടിവന്ന ചില അസാധാരണ അനുഭവങ്ങളെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പങ്കുവെച്ചത്. തന്റെ മകനൊപ്പം സമയം ചെലവഴിക്കാന്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ബോസ് നല്‍കിയ മറുപടിയാണ് ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നതെന്ന് ജൂലി പറയുന്നു. ഒരാഴ്ചയായി തനിക്ക് വീട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. മകനെ ഉറക്കാനായി വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുഞ്ഞിനെ നോക്കാനായി രണ്ടാമതൊരു നാനിയെ കൂടി വച്ചുകൂടെ എന്നായിരുന്നു ബോസ് ചോദിച്ചതെന്ന് ജൂലി പറയുന്നു. നിലവില്‍ 'പോളിവര്‍ക്ക് കരിയേഴ്‌സ് പ്ലാറ്റ്ഫോം' എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറാണ് ജൂലി.
കോര്‍പ്പറേറ്റ് ലോകത്തെ വേതന വ്യത്യാസത്തെക്കുറിച്ചും ജൂലി വെളിപ്പെടുത്തുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന പുരുഷനായൊരു സഹപ്രവര്‍ത്തകന്റെ ശമ്പളവിവരങ്ങള്‍ അബദ്ധത്തില്‍ എച്ച്.ആര്‍ തനിക്ക് അയച്ചുതന്നപ്പോഴാണ് ഈ വിവേചനം താന്‍ തിരിച്ചറിഞ്ഞതെന്ന് അവര്‍ പറഞ്ഞു. ഒരേ ജോലി ചെയ്യുന്ന തനിക്ക് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ആ സഹപ്രവര്‍ത്തകന് ലഭിച്ചിരുന്നത്. ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് തനിക്ക് 50,000 ഡോളറിന്റെ ശമ്പള വര്‍ദ്ധനവും കമ്പനി ചെലവില്‍ എം.ബി.എ പഠനവും നേടിയെടുക്കാന്‍ കഴിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
സസ്‌റ്റൈനബിലിറ്റിക്ക് പ്രാധാന്യം നല്‍കുന്ന ഒരു കമ്പനിയില്‍ സി-സ്യൂട്ട് പദവിയിലിരിക്കെയാണ് കൗതുകകരമായ മറ്റൊരു അനുഭവം ഉണ്ടായത്. വെറും 60 മിനിറ്റ് മാത്രം നീളുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ കമ്പനിയുടെ സ്വകാര്യ ജെറ്റില്‍ പോകാന്‍ ജൂലി വിസമ്മതിച്ചു. ഹരിതഗൃഹ വാതകങ്ങളും പാരിസ്ഥിതികാഘാതവും മുന്‍നിര്‍ത്തി ഇത്തരം ചെറിയ മീറ്റിംഗുകള്‍ക്ക് എക്‌സിക്യൂട്ടീവുകള്‍ സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്ന് അവര്‍ വാദിക്കുകയായിരുന്നു. എന്നാല്‍, ബോസിന് അത് മനസ്സിലായില്ലെന്നും, ഇക്കാരണത്താല്‍ തനിക്ക് ശകാാരം കേള്‍ക്കേണ്ടിവന്നുവെന്നും ജൂലി പറയുന്നു. സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നല്‍കിയത്.