|
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസന്‍. 'തലൈവര്‍ 173' എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവര്‍ത്തിയാണ്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം 2027 പൊങ്കല്‍ റിലീസ് ആയി ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് സൂചന. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ അടുത്തിടെ 44 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം. ആര്‍. മഹേന്ദ്രനൊപ്പം ചേര്‍ന്നാണ് കമല്‍ ഹാസന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്ലൈന്‍ 'എവെരി ഫാമിലി ഹാസ് എ ഹീറോ' എന്നാണ്. ഇതാദ്യമായാണ് കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ 2 ല്‍ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും 'തലൈവര്‍ 173'ല്‍ ജോയിന്‍ ചെയ്യുക. തമിഴ് സിനിമയിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ചിത്രം ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ചിത്രീകരണം ആരംഭിക്കും. |