കുട്ടികളുടെ കഫ്സിറപ്പായ കോള്‍ഡ്റിഫ് എന്ന മരുന്നില്‍ 48.6 ശതമാനത്തോളം ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തി. ഇതിനോടൊപ്പം എഥിലീന്‍ ഗൈക്കോള്‍ എന്ന രാസസംയുക്തവും മരുന്നില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിന്നുള്ള 14 കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന ജലദോഷത്തിനും ചുമയ്ക്കുമായാണ് ഡോക്ടര്‍ മരുന്ന് കുറിച്ചു നല്‍കിയത്.
ഇതിനെ തുടര്‍ന്ന്, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) ശ്രീസാന്റെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. കൂടാതെ കമ്പനിക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് പുറമെ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും സിറപ്പ് നിര്‍ദേശിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
കഫ് സിറപ്പില്‍ കണ്ടെത്തിയ രണ്ട് രാസവസ്തുക്കളും വ്യാവസായിക ലായകങ്ങളാണ്. ഇത് മരുന്നില്‍ ഉപയോഗിക്കാന്‍ നിരോധിച്ചവയാണ്. ചെറിയ അളവില്‍ പോലും ശരീരത്തിനകത്ത് ചെല്ലുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
സെപ്റ്റംബര്‍ പകുതിയോടെയാണ് ചിന്ദ്വാരയില്‍ വൃക്കകള്‍ക്ക് നാശം സംഭവിച്ച് കുഞ്ഞുങ്ങളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ മരണങ്ങളും ഏകദേശം സമാനമായ കാരണങ്ങളാണ് വിവരിച്ചിരുന്നത്. ചെറിയ ശ്വാസകോശപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ കുട്ടികള്‍ക്ക് ഡോക്ടര്‍ കോള്‍ഡ്റിഫ് നിര്‍ദേശിക്കുകയും ചെറുതായി ആശ്വാസം അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് തന്നെ കുഞ്ഞുങ്ങള്‍ക്ക് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും വൃക്കകള്‍ തകരാറിലായതായി കണ്ടെത്തുകയുമായിരുന്നു.
സെപറ്റംബര്‍ 18 ആയപ്പോഴേക്കും ജില്ലാ അധികാരികള്‍ അടിയന്തരാവസ്ഥ പുറപ്പെടുവിച്ചു. മധ്യപ്രദേശിലെ പരാസിയയില്‍ സ്വകാര്യമായി പ്രാക്ടീസ് ചെയ്തിരുന്ന സര്‍ക്കാര്‍ ശിശുരോഗ വിദഗ്ധനായ ഡോ. പ്രവീണ്‍ സോണിയാണ് മരുന്നുകള്‍ കുറിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എഫ്ഐആറില്‍ ഡോക്ടറെയും ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. മരണത്തിന് കാരണമാകുന്ന മായം ചേര്‍ന്ന മരുന്നുവിറ്റതിന് ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. |