|
യുകെയിലെ കുട്ടികളിലും കൗമാരക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. കൗമാരത്തില്‍ തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ കണ്ടെത്തിയാല്‍, ഗൗരവമേറിയ രോഗങ്ങള്‍ തടയാനാകും എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടാതെ പോകുന്നത് വൃക്കരോഗം, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യുകെയില്‍ ഇതുവരെ കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ രക്തസമ്മര്‍ദ്ദ പരിശോധനാ സംവിധാനം നിലവിലില്ല. ഇതുമൂലം പ്രശ്‌നത്തിന്റെ വ്യാപ്തിയും ഏറ്റവും അപകടസാധ്യതയുള്ള കുട്ടികളും ആരെന്നതും ആരോഗ്യവിദഗ്ധര്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല.
അമിതവണ്ണം, വ്യായാമക്കുറവ്, ഉപ്പുകൂടിയ ഭക്ഷണം, അമിതമായി കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും ഉപയോഗിക്കുന്ന ജീവിതശൈലി എന്നിവയാണ് കുട്ടികളില്‍ രക്തസമ്മര്‍ദ്ദം ഉയരാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചില കുട്ടികളില്‍ ഹൃദയവും വൃക്കയുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങളും ഇതിന് വഴിയൊരുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതെ തുടര്‍ന്ന് സ്‌കൂള്‍ തലത്തില്‍ തന്നെ രക്തസമ്മര്‍ദ്ദ പരിശോധന ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രൈമറി സ്‌കൂള്‍ അവസാനം നടത്തുന്ന ഉയരം -ഭാരം പരിശോധനയ്ക്കൊപ്പം രക്തസമ്മര്‍ദ്ദ പരിശോധനയും ഉള്‍പ്പെടുത്തുകയോ, കൗമാരക്കാര്‍ക്കായി പ്രത്യേക എന്‍എച്ച്എസ് ഹെല്‍ത്ത് ചെക്ക് ആരംഭിക്കുകയോ ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. |