|
അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി ആന്റണി അല്‍ബനീസ് മാറി. ശനിയാഴ്ച കാന്‍ബറയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് 62 വയസ്സാണു പ്രായം. തന്റെ ദീര്‍ഘകാല പങ്കാളി ജോഡി ഹെയ്ഡനെന് പ്രായം 46. ഇവര്‍ തമ്മിലാണ് വിവാഹം നടന്നത്.
സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍.
കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ദിനത്തില്‍ അല്‍ബനീസ് ഹെയ്ഡണിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന അഭ്യുഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ചടങ്ങിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തിയിരുന്നില്ല.
തലസ്ഥാന നഗരമായ കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ 'ദി ലോഡ്ജി'ന്റെ പൂന്തോട്ടത്തില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. .ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ അല്‍ബനീസ് എക്സില്‍ പങ്കുവച്ചു.
'ഞങ്ങളുടെ സ്നേഹവും ഒരുമിച്ച് ജീവിക്കാനുള്ള പ്രതിബദ്ധതയും, ഞങ്ങളുടെ കുടുംബത്തിനും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും മുന്നില്‍ പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.' അല്‍ബനീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. |