|
ബുധനാഴ്ച രാത്രി എംസി റോഡില്‍ ടിവി സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്. രാത്രി 8.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് നടന്‍ നാട്ടുകാരെ ആക്രമിക്കുകയും ചോദ്യം ചെയ്ത പോലീസുമായി തര്‍ക്കിക്കുകയും ചെയ്തതായി പരാതിയുണ്ട്. ലോട്ടറി വില്പനക്കാരനായ വ്യക്തിക്കാണ് പരിക്കേറ്റത്.
കോട്ടയം ഭാഗത്തുനിന്ന് സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വ്യക്തിയെ സഹായിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് അവരെ കൈയേറ്റം ചെയ്തതായാണ് പരാതി. സംഭവസ്ഥലത്തെത്തിയ പോലീസുമായി നടന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായും വിവരമുണ്ട്. പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തെ തുടര്‍ന്ന് ഇതേവഴിയില്‍ ഏറെനേരം വാഹന ഗതാഗതം തടസപ്പെട്ടതായും റിപോര്‍ട്ടുണ്ട്. സിദ്ധാര്‍ഥ് അസഭ്യവര്‍ഷം നടത്തി റോഡില്‍ കിടക്കുന്ന രംഗങ്ങളും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നടന്‍ റോഡില്‍ കിടന്ന് നാട്ടുകാരുമായി തര്‍ക്കിക്കുന്നതായി ഒരു ദൃശ്യത്തില്‍ കാണാം. ബാലതാരമായി സീരിയല്‍ മേഖലയില്‍ എത്തിയ സിദ്ധാര്‍ഥ്, 'ഉപ്പും മുളകും' എന്ന പരമ്പരയില്‍ ശ്രദ്ധേയവേഷം ചെയ്യുന്നുണ്ട്. |