കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 600-ലധികം ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ഇതോടെ ഇന്‍ഡിഗോയുടെ സര്‍വ്വീസ് ഏതാണ്ട് മുഴുവനായും തകര്‍ന്നു. പല യാത്രക്കാര്‍ക്കും തങ്ങളുടെ ലഗേജ് കണ്ടെത്താന്‍ കഴിയാതെയായി. ഇത് സംബന്ധിച്ച കുറിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇത്രയും പ്രശ്‌നകരമായ ഒരു സമയത്ത് വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരു സഹകരണവും ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
ഇന്‍ഡിഗോയിലെ പല യാത്രക്കാരുടെയും അവസ്ഥ ഇതാണെന്ന് കരുതുന്നുവെന്ന കുറിപ്പോടെയാണ് തരുണ്‍ ശുക്ല തന്റെ എക്‌സ് കുറിപ്പ് ആരംഭിക്കുന്നത്. വിമാനം ഇറങ്ങുന്നവരുടെ ബാഗുകള്‍ അവരോടൊപ്പം വിമാനത്താവളങ്ങളില്‍ എത്തുന്നില്ലെന്നും അവ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം എക്‌സില്‍ എഴുതി. ഒപ്പം തനിക്ക് ലഭിച്ച വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവവച്ച് കൊണ്ട് വലിയൊരു ബാഗില്ലാതെ ഒരാള്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ പറ്റുകയെന്നും അദ്ദേഹം ചോദിക്കുന്നു. സഹായം അഭ്യര്‍ത്ഥിച്ചുള്ള സ്‌ക്രീന്‍ ഷോട്ടില്‍ ഒരു സുഹൃത്ത് തന്റെ ഭാര്യ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയെന്നും എന്നാല്‍ അവരുടെ ലഗേജിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഇന്‍ഡിഗോയുടെ നെറ്റ്വര്‍ക്കിലും പ്രവര്‍ത്തനങ്ങളിലും വ്യാപകമായ തടസ്സങ്ങളുണ്ടായിട്ടുണ്ടെന്നും അത്തരമൊരു പ്രശ്‌നത്തിന് എല്ലാ ഉപഭോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമാപണം നടത്തുന്നുവെന്നും ഇന്‍ഡിഗോ കുറിച്ചു. എല്ലാവരുടെയും പിന്തുണയോടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു. അതേസമയം ആളകള്‍ക്ക് നഷ്ടപ്പെട്ട ലഗേജുകള്‍ കണ്ടെത്തുന്നതിനെ കുറിച്ചോ, വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും മൂലം ഉപഭോക്താക്കള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനെ കുറിച്ചോ ഇന്‍ഡിഗോ ഒന്നും സൂചിപ്പിച്ചില്ല.