അല്ബേനിയന് - ഗ്രീക്ക് അതിര്ത്തിയിലെ ഒരു ഗുഹയ്ക്കുള്ളില് ശാസ്ത്രജ്ഞര് കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വലിയ ചിലന്തിവല! സാധാരണയായി നമ്മുടെ വീടുകളിലും പരിസരങ്ങളിലും കാണപ്പെടാറുള്ള വിവിധ ചിലന്തി വിഭാഗങ്ങളില് പെട്ട 69,000 ചിലന്തികളും 42,000-ത്തിലധികം കുള്ളന് വീവര് ചിലന്തികളും ഉള്പ്പെടുന്ന ഈ കോളനിയുടെ ആകെ വിസ്തീര്ണ്ണം 1,140 ചതുരശ്ര അടിയാണ്.
വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്ത അതേസമയം, ഉയര്ന്ന അളവില് വിഷാംശമുള്ള ഹൈഡ്രജന് - സള്ഫര് വാതകത്തിന്റെ സാന്നിധ്യമുള്ള ഒരു സള്ഫര് ഗുഹയില് ഈ ചിലന്തി കോളനി എങ്ങനെ നിലനിന്നു എന്നതാണ് ഇപ്പോള് ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും കഠിനമായ ആവാസ വ്യവസ്ഥകളില് ഒന്നാണ് സള്ഫര് ഗുഹകള്. അവ പൂര്ണ്ണമായും ഇരുണ്ടതും ഹൈഡ്രജന് സള്ഫൈഡ് വാതകം നിറഞ്ഞതുമാണ്, അതുകൊണ്ടുതന്നെ മിക്ക ജീവജാലങ്ങള്ക്കും ഇതിനുള്ളില് അതിജീവനം അസാധ്യമാണ്.
ഗുഹയ്ക്കുള്ളിലെ ചിലന്തികള് പുറത്ത് താമസിക്കുന്ന അവയുടെ അതേ വര്ഗ്ഗത്തില്പ്പെട്ട ചിലന്തികളില് നിന്ന് ജനിതകമായി വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനത്തില് കണ്ടെത്തി. ഇത് ഗുഹാവാസികളായ ചിലന്തികള് അവരുടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു എന്നതിന്റെ സൂചനയാണിത്. ചെക്ക് സ്പെലിയോളജിക്കല് സൊസൈറ്റിയിലെ ഗുഹാ ഗവേഷകര് 2022-ലാണ് ഈ കൂറ്റന് ചിലന്തിവല ആദ്യമായി കണ്ടെത്തിയത്. 2024 -ല്, ശാസ്ത്രജ്ഞരുടെ ഒരു സംഘം ഗുഹ സന്ദര്ശിച്ചു, അതേസമയം ഇപ്പോഴാണ് ഈ ഗവേഷണത്തെ കുറിച്ചുള്ള പഠനങ്ങള് പുറത്തുവിടുന്നത്.