വിവാഹം മാത്രമല്ല, വിവാഹ ക്ഷണക്കത്തുകളും ഇപ്പോള് ഒന്നിനൊന്ന് വ്യത്യസ്തമാണ്. ചിലര് വളരെ ലളിതമായ വിവാഹ ക്ഷണക്കത്തുകള് തയ്യാറാക്കുമ്പോള് മറ്റ് ചിലര് സ്വര്ണവും വെള്ളിയും കെട്ടിയ വിവാഹ ക്ഷണക്കത്തുകളുമായി കാഴ്ചക്കാരെ ഞെട്ടിക്കുന്നു. എന്നാല്. ഡിസൈനിലോ മറ്റ് ആകര്ഷണങ്ങളിലോ കാര്യമാതൊന്നും ചെയ്യാതിരുന്നിട്ടും കാഴ്ചക്കാരെ ആകര്ഷിച്ചൊരു വിവാഹക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില് വൈറലായി. വധൂവരന്മാരുടെ വിദ്യാഭ്യാസ പശ്ചാത്തലത്തിന് നല്കിയ പ്രാധാന്യമായിരുന്നു ആ വിവാഹ ക്ഷണക്കത്തിനെ വൈറലാക്കിയത്.
ക്ഷണക്കത്ത് പ്രകാരം വരന് പിയൂഷ് ബാജ്പായ് ഐഐടി ബോംബെയില് നിന്നും പഠിച്ചിറങ്ങിയ ആളാണ്. വധുവും ഒട്ടും മോശമല്ല. വധു മമത മിശ്ര ഐഐടി ദില്ലിയില് നിന്നുമാണ് ബിരുദം നേടിയത്. ക്ഷണക്കത്ത് യഥാര്ത്ഥ വിവാഹത്തിന്റെതാണോ അതോ ഒരു കൗതുകത്തിനോ തമാശയ്ക്കോ വേണ്ടി ഉണ്ടാക്കിയതാണോയെന്ന് വ്യക്തമല്ലെങ്കിലും സംഗതി സമൂഹ മാധ്യമങ്ങളില് വൈറലായി. വിവാഹാലോചനകളില് പോലും ഇന്ത്യക്കാര് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്ക്കുന്നു. എന്നാലിവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് പ്രാധാന്യം നല്കിയിരിക്കുന്നത്. അടുത്ത ലെവല് ഫ്ലെക്സിംങ്ങെന്ന അടിക്കുറിപ്പോടെയാണ് എക്സില് ക്ഷണക്കത്ത് പങ്കുവച്ചത്.
വിവാഹക്ഷണക്കത്ത് വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. വധൂവരന്മാരുടെ മുഴുവന് ഐഡന്റിറ്റിയും ഐഐടിയെക്കുറിച്ച് തന്നെയാണെങ്കില് അത് പരാജയമാണെന്ന് കരുതുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന് കുറിച്ചത്. ഐഐടിക്കാരല്ലാത്തവര് വിമര്ശിക്കേണ്ടതില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് കുറിച്ചത്. ഇതിന് പിന്നാലെ ട്രംപിനെ വിമര്ശിക്കാന് അമേരിക്കന് പ്രസിഡന്റ് ആകേണ്ടതുണ്ടോയെന്ന് ഒരു കാഴ്ചക്കാരന് പ്രതികരിച്ചു. ഇതൊരു റെസ്യൂമെയാണോ അതോ വിവാഹ കാര്ഡാണോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ സംശയം.