ഹൈദരാബാദിലെ 22 ഏക്കര്‍ വിസ്തൃതിയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ നിന്ന് 6 - 7 ഗ്രാം തൂക്കമുള്ള സ്വര്‍ണ ബ്രേസിലേറ്റ് കാണാതായ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. വള എവിടെവച്ചാണ് നഷ്ടപ്പെട്ടതെന്ന് പോലും അറിയാതിരുന്ന ഉടമയ്ക്ക് ഒടുവില്‍ അത് തിരികെ ലഭിച്ചത് സുരക്ഷാ ജീവനക്കാരുടെ വിശദമായ സിസിടിവി പരിശോധനയിലൂടെയാണ്. ഹൈദരാബാദ് സ്വദേശിനിയായ സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍ സ്വാതി ബന്ദ്‌ലയ്ക്കാണ് ആഗസ്റ്റ് 16 -ന് തന്റെ സ്വര്‍ണ ബ്രേസിലേറ്റ് കാണാനില്ലെന്ന് മനസ്സിലായത്. എവിടെവച്ചാണ് വള നഷ്ടപ്പെട്ടതെന്ന് വ്യക്തമായിരുന്നില്ല. ഉടന്‍ തന്നെ അവര്‍ ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയും ആരെങ്കിലും വള കണ്ടെത്തി ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗത്തില്‍ ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. ഇതിനിടെ, ബ്രേസിലേറ്റ് അവസാനമായി കൈയിലുണ്ടായിരുന്ന സമയം കണ്ടെത്താന്‍ ഫോണിലെ പഴയ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചു. ആഗസ്റ്റ് 15 -ന് രാവിലെ നടത്തിയ ഒരു ലൈവ് സെഷന്റെ ദൃശ്യത്തില്‍ ബ്രേസിലേറ്റ് കൈയില്‍ കിടക്കുന്നതായി കണ്ടെത്തി. ഈ വിവരം സ്വാതി സുരക്ഷാ സംഘത്തിന് കൈമാറി.
തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ കമ്മ്യൂണിറ്റിയിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. പ്രവേശന - അകത്തേക്കും പുറത്തേക്കും കടക്കുന്ന വാതിലുകള്‍, ലിഫ്റ്റുകള്‍, ഫ്‌ലോര്‍ ലോബികള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൂടെയുള്ള സ്വാതിയുടെ സഞ്ചാരപാത സിസിടിവിയിലൂടെ പിന്തുടര്‍ന്നു. ഒടുവില്‍ ഒരു പ്രത്യേക സ്ഥലത്ത് എത്തുന്നതിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുമ്പ് ബ്രേസിലേറ്റ് കൈയില്‍നിന്ന് വഴുതിപ്പോയതാകാമെന്ന് അവര്‍ കണ്ടെത്തി. എന്നാല്‍, അതേ സ്ഥലത്ത് ആഗസ്റ്റ് 15 -ന് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നിരുന്നു. 2,000-ത്തിലധികം താമസക്കാരും സന്ദര്‍ശകരും അവിടെ എത്തിയിരുന്നു. ഇതോടെ വള കണ്ടെത്തുക എളുപ്പമല്ലായിരുന്നു. എന്നിരുന്നാലും സ്വാതിയും ഭര്‍ത്താവും സിസിടിവിയില്‍ കണ്ടെത്തിയ സ്ഥലത്ത് രാത്രി തിരച്ചില്‍ നടത്തി. ലൈറ്റിന്റെ വെളിച്ചത്തില്‍ പുല്ലിനിടയില്‍ തിളങ്ങുന്ന ബ്രേസിലേറ്റ് ഒടുവില്‍ അവര്‍ കണ്ടെത്തി. സംഭവം പങ്കുവെച്ച സ്വാതി, വള തിരിച്ചുകിട്ടുന്നതില്‍ സുരക്ഷാ സംഘത്തിന്റെ വേഗത്തിലുള്ള ഇടപെടലും സിസിടിവി പരിശോധനയും നിര്‍ണായകമായിരുന്നുവെന്ന് പറഞ്ഞു.