ഗതാഗതക്കുരുക്കിന്റെ പേരില് പലപ്പോഴും പഴി കേള്ക്കാറുള്ള ബംഗളൂരുവിന് ഒരു കൈയടി. നഗരത്തിലെ ഒരു ഐടി പാര്ക്കിലെ അത്യാധുനിക സൗകര്യങ്ങള് കണ്ട് ഇത് അമേരിക്കയിലെ ന്യൂയോര്ക്ക് നഗരമാണോ എന്ന് തോന്നിപ്പോകുമെന്ന് പറയുകയാണ് സാഗര് എന്ന യുവാവ്. ഇന്സ്റ്റഗ്രാമില് പങ്കുവെച്ച രസകരമായ വീഡിയോ ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്. കോഗ്നിസെന്റ് (Cognizant) കമ്പനിയിലെ ഐഡി കാര്ഡ് ധരിച്ചെത്തിയ സാഗര്, ഐടി പാര്ക്കിനുള്ളിലെ അത്യാധുനികമായ ഫൂട്ട് ഓവര്ബ്രിഡ്ജും എസ്കലേറ്ററും വീഡിയോയില് കാണിക്കുന്നുണ്ട്. 'സുഹൃത്തുക്കളേ, ഞാന് ന്യൂയോര്ക്കിലെ ഒരു ഐടി പാര്ക്കിലാണ്. ഇവിടെ റോഡ് മുറിച്ചുകടക്കാന് എസ്കലേറ്ററുകള് പോലുമുണ്ട്. ഇവിടുത്തെ റോഡുകളും പച്ചപ്പും ഒന്ന് നോക്കൂ' എന്ന് സാഗര് വീഡിയോയില് പറയുന്നു. എന്നാല്, തൊട്ടടുത്ത നിമിഷം തന്നെ അദ്ദേഹം സത്യം വെളിപ്പെടുത്തി: 'ഗയ്സ്, ഇത് ന്യൂയോര്ക്കല്ല, ഇത് നമ്മുടെ ബംഗളൂരുവാണ്.'
നിലവില് 1.47 ലക്ഷത്തിലധികം പേര് വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തുന്നത്. 'ഇത് ബംഗളൂരുവിലെ മാന്യത ടെക് പാര്ക്കാണ് (Manyata Tech Park), 18 വര്ഷം മുമ്പ് നിര്മ്മിച്ചതാണിത്' എന്ന് ഒരു ഒരാള് കമന്റ് ചെയ്തു. 'പച്ചപ്പും നടക്കാന് സൗകര്യമുള്ള റോഡുകളും ജീവിതത്തില് വലിയ മാറ്റമുണ്ടാക്കും' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 'ഇത്തരം ആധുനിക സൗകര്യങ്ങള് സ്വകാര്യ ഐടി പാര്ക്കുകള്ക്കുള്ളില് മാത്രമേ കാണാറുള്ളൂ' എന്ന ഒരാളുടെ കമന്റിനും സാഗര് മറുപടി നല്കി. 'പൂര്ണ്ണമായും യോജിക്കുന്നു. പ്രൈവറ്റ് പാര്ക്ക് ആയാലും എംഐഡിസി (MIDC) ആയാലും, നികുതി അടയ്ക്കുന്ന ഓരോ ജീവനക്കാരനും സുരക്ഷിതവും പച്ചപ്പുള്ളതുമായ ജോലിസ്ഥലം അര്ഹിക്കുന്നു' എന്നായിരുന്നു സാഗര് കുറിച്ചത്. ബംഗളൂരുവിലെ വികസനം കണ്ട് സന്തോഷിക്കുമ്പോഴും, ഇന്ത്യയിലെ മറ്റൊരു പ്രധാന ഐടി നഗരമായ തന്റെ സ്വന്തം പുനെയില് എന്നാണാവോ ഇത്തരം ലോകോത്തര സൗകര്യങ്ങള് വരിക എന്ന ചോദ്യത്തോടെയാണ് സാഗര് വീഡിയോ അവസാനിപ്പിക്കുന്നത്.