Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
ആര്‍ക്കു കൊടുക്കണം വോട്ട് ?
Editor
ഏപ്രില്‍ മാസത്തില്‍ മലയാളികളെ സംബന്ധിച്ചിടത്തോളം വിശേഷങ്ങള്‍ ഏറെയുണ്ട്. മേടച്ചൂടിനെ ചന്തംചൂടിച്ചു സമൃദ്ധമായി വിടരുന്ന കണിക്കൊന്ന. മാലപ്പടക്കങ്ങളും പൂത്തിരികളുമായി പുതുവര്‍ഷാഘോഷം. തൊട്ടടുത്ത ദിവസങ്ങളില്‍ വിരുന്നെത്തുന്ന ഈസ്റ്റര്‍ . വ്രതകാലം കഴിഞ്ഞ് സമ്പദ്‌സമൃദ്ധിയോടെ ഈസ്റ്റര്‍ വിഭവങ്ങളുടെ നിര. 2011ലെ ഏപ്രില്‍ ഇതൊന്നുംകൂടാതെ തെരഞ്ഞെടുപ്പിന്റെ ആഹ്ലാദവും ആശങ്കയും സന്തോഷവും പങ്കിടുന്നു. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം നിയമസഭ ഇലക്്ഷന്റെ വോട്ടിനെത്തുകയെന്നതും, വോട്ടുണ്ടോ എന്നതുമെല്ലാം ഏറെക്കാലമായി പറഞ്ഞു പഴകിയ കുറേ തുടര്‍ക്കഥകളുടെ അനുബന്ധം.

കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മലയാളികളെ സംബന്ധിച്ചിടത്തോളമൊരു നെഞ്ചിടിപ്പുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ താത്പര്യമില്ലെങ്കിലും, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചട്ടങ്ങളും നിയമങ്ങളുമൊന്നും മനസിലാക്കിയിട്ടില്ലെങ്കിലും ആരാണ് ജയിച്ചതെന്നും അടുത്ത മുഖ്യമന്ത്രി ആരാണെന്നും അറിയാനുള്ള ആഗ്രഹം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ , രാഷ്ട്രീയ കക്ഷികള്‍ അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ , പ്രചാരണം കൊഴുത്തപ്പോള്‍ ഇവിടെ യുകെയിലെ മലയാളികളും ചര്‍ച്ച ചെയ്യുന്നത് ആരു ജയിക്കും തോല്‍ക്കുമെന്നൊക്കെത്തന്നെയാണ്. ജനാധിപത്യത്തിന്റെ എല്ലാ അന്തസിനെയും മാനിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിലെ ഇത്തവണത്തെ മത്സരച്ചൂട് വെറുതെയൊന്നു നിരീക്ഷിക്കാം.

പഴകിത്തേഞ്ഞ കുറേ പ്രചാരണ വാചകങ്ങള്‍ , മന്ത്രിക്കസേര കൊതിച്ചുള്ള കെറുവും കെട്ടുനാടകങ്ങളും, പാര്‍ട്ടികള്‍ക്കുള്ളിലെ പടയും പോരും, പരസ്പരമുള്ള ചെളിവാരിയേറും കൂറുമാറ്റവും, പാര്‍ട്ടിയില്‍ നിന്നു പാര്‍ട്ടിയിലേക്കും പിന്നെ പിളര്‍പ്പിലേക്കുമുള്ള സഞ്ചാരങ്ങള്‍ ... കഴിഞ്ഞ ഒന്നര മാസത്തിനിടെ കേരളത്തില്‍ ഇതല്ലാതെ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ? ഇലക്ഷന്റെ തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന അടിസ്ഥാനമില്ലാത്ത തൊഴില്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാം. മാധ്യമങ്ങളുടെ ധര്‍മവും കര്‍മവും മര്‍മ്മവുമൊക്കെ മനസിലാക്കാം.

പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും നടത്തുന്ന പ്രചുരപ്രചാര വേലകള്‍ അവയുടെ വഴിക്കു വിടാം. മാധ്യമ സ്വാതന്ത്ര്യമെന്നതു മാധ്യമ മുതലാളിയുടെ സ്വാതന്ത്ര്യമാണെന്നും, മറ്റേതൊരു ബിസിനസും പോലെ പത്രമാധ്യമങ്ങളും ഒരു ഇന്‍ഡസ്ട്രിയാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതുകൊണ്ട് അതേക്കുറിച്ചൊരു സംവാദത്തിന് ഇനി സ്‌കോപ്പില്ല. പക്ഷേ, അത്രയും ലാഘവത്തോടെ തള്ളിക്കളയാനാവില്ല നിയമസഭാ തെരഞ്ഞെടുപ്പ്. കേട്ടുകൊണ്ടിരിക്കുന്ന ഏതെങ്കിലുമൊരു വാര്‍ത്തയില്‍ , തെരഞ്ഞെടുപ്പു വിശേഷത്തില്‍ ഏതെങ്കിലുമൊരു സ്ഥാനാര്‍ഥി പറയുന്നുണ്ടോ കേരളത്തിന്റെ വികസനത്തെക്കുറിച്ച്? തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കൊച്ചിയില്‍ മെട്രൊ റെയിലിനു ശ്രമിക്കുമെന്ന് ആരെങ്കിലും പറയുന്നുണ്ടോ? തിരുവനന്തപുരത്ത് പുതിയ ഐടി പാര്‍ക്ക് ആരംഭിക്കുമെന്ന വാഗ്ദാനം കേട്ടോ? കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയൊരു എക്‌സ്‌ക്ലൂസീവ് ഹൈവേ നടപ്പാക്കുമെന്ന് ആരെങ്കിലും പറഞ്ഞോ? രണ്ടുനേരം പട്ടിണി കിടക്കുന്നവരുണ്ടെങ്കില്‍ അവരെ സര്‍ക്കാര്‍ ചെലവില്‍ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയോ? വീടില്ലാത്തവര്‍ക്കെല്ലാം ഓലക്കുടിലെങ്കിലും വച്ചു കൊടുക്കുമെന്നൊരു ഉറപ്പ് എവിടെയെങ്കിലും കിട്ടിയോ? അഞ്ചു വര്‍ഷം പവര്‍ കട്ടില്ലാതെ വൈദ്യുതി നല്‍കാനുള്ള നടപടിയെടുക്കുമെന്നെങ്കിലും പറഞ്ഞുവോ?

ഇല്ല എന്നു പറയാന്‍ ആരെയും പേടിക്കേണ്ട. ആരും എതിര്‍ക്കുകയുമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാര്. സീറ്റ് മേടിച്ചെടുക്കാന്‍ എന്തു വഴി. എങ്ങനെയെങ്കിലും അസംബ്ലിയില്‍ എത്തിപ്പെടാന്‍ എന്തു ചെയ്യണം... ഇങ്ങനെയുള്ള ചര്‍ച്ചകളല്ലാതെ മറ്റൊന്നും കേരളത്തിലില്ല. ഈ നാട് എന്നു നന്നാവും എന്ന ചോദ്യം അര്‍ഥവത്താകുന്നത് ഇവിടെയാണ്. കഴിഞ്ഞ ഭരണസഭയുടെ നേട്ടങ്ങള്‍ വിലയിരുത്തപ്പെടണം. കുറവുകള്‍ വിമര്‍ശിക്കപ്പെടണം. ഇനി വരാനിരിക്കുന്ന കാലത്ത് നാടിനുണ്ടാകുന്ന വികസനങ്ങള്‍ പരിശോധിക്കപ്പെടണം. ഒരു വര്‍ഷം കേരളത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഓടാനുള്ള സൗകര്യമുണ്ടോ റോഡുകള്‍ക്കെന്നു നോക്കണം. പട്ടിണിക്കാരില്ലെന്ന് ഉറപ്പു വരുത്തണം. ഇരുട്ടിലാകാതെ നോക്കാന്‍ വൈദ്യുതി സൗകര്യങ്ങള്‍ ചെയ്യണം. സമാധാനമായി ജീവിക്കാന്‍ അവസരം ഉറപ്പു വരുത്തണം. സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ എല്ലാ മേഖലയിലും വികസനം സാധ്യമാക്കണം... ഈ കാര്യങ്ങളെക്കുറിച്ച് യാതൊന്നും പറയാത്ത രാഷ്ട്രീയം എന്തിനുള്ളതെന്നു ചിന്തിക്കണ്ടേ? വോട്ടു ചെയ്തു ജയിപ്പിക്കേണ്ടത് ആരെയെന്നറിയാതെ ആശങ്കപ്പെടുന്ന ശരാശരി മലയാളിയുടെ മാനസികാവസ്ഥയാണിത്. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. സമ്മതിദാനാവകാശം പാഴാക്കരുത്. യുക്തി സഹമായ തീരുമാനങ്ങളാണുണ്ടാകേണ്ടത്. കേരളം വളരണം, മലയാളികള്‍ക്ക് കൂടുതല്‍ അഭിമാനിക്കാവുന്ന ഇന്ത്യന്‍ സംസ്ഥാനമായി പുരോഗമിക്കണം. സമാധാന ജീവിതം സ്ഥാപിക്കപ്പെടണം. ഇതൊക്കെ ഉറപ്പു നല്‍കട്ടെ, അപ്പോള്‍ അവര്‍ക്ക് വോട്ടു ചെയ്യുമെന്നു സ്വയം തീരുമാനിക്കാം.
 
Other News in this category

 
 




 
Close Window