Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയോടെ യുകെ: ശക്തമായ മന്ത്രിസഭയുമായി തൊഴിലാളി പാര്‍ട്ടി
By: Editor, UKMALAYALAMPATHRAM
എണ്ണി പതിനാലു വര്‍ഷങ്ങള്‍ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. പതിനാലു വര്‍ഷത്തെ വനവാസത്തെയാണ് അതു സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ജൂലൈ നാലിനു നടത്തിയ തിരഞ്ഞെടുപ്പിനു ശേഷം തൊഴിലാളിപാര്‍ട്ടിക്ക് വനവാസം അവസാനിച്ചിരിക്കുന്നു. പതിനാല് ആണ്ടുകള്‍ക്കു ശേഷം രാജ്യ ഭരണം വീണ്ടെടുത്ത് അധികാരത്തില്‍ എത്തിയിരിക്കുകയാണ് ലേബര്‍ പാര്‍ട്ടി. വലിയ വാഗ്ദാനങ്ങളാണ് നേതാക്കന്മാര്‍ ഈ തിരഞ്ഞെടുപ്പിനു മുന്‍പ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒട്ടുമിക്ക വാഗ്ദാനങ്ങളും ജനകീയമായ കാര്യങ്ങളായിരുന്നു. കിയര്‍ സ്റ്റാര്‍മറുടെ മന്ത്രിസഭയ്ക്കും ലേബര്‍ പാര്‍ട്ടിക്കും ആ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കട്ടെ.
കുടിയേറ്റക്കാരായ വിദേശികളോട് മാന്യമായ നടപടി പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം. ആഷ്‌ഫോഡില്‍ നിന്നു വിജയിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫിലൂടെ പ്രവാസികളുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങും. വീസാ ഫീസ്, പാസ്‌പോര്‍ട്ട് സംബന്ധിച്ച നടപടികളിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളില്‍ മലയാളികള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ പാര്‍ലമെന്റ് അംഗമായി മലയാളിയായ ഒരാള്‍ ഉണ്ടെന്നുള്ളത് അഭിമാനം തന്നെ.
വിശ്വസ്തയായ ആഞ്ചെല റെയ്നറെയാണ് ഉപപ്രധാനമന്ത്രിയായി നിയോഗിച്ചിട്ടുള്ളത്. റേച്ചല്‍ റീവ്സ് ട്രഷറിയുടെ ചുമതലയുള്ള ആദ്യ വനിതയായി. ഉപപ്രധാനമന്ത്രിയായ റെയ്നര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിംഗ് & ലെവലിംഗ് അപ്പും നയിക്കും. വെറ്റ് കൂപ്പര്‍ ഹോം സെക്രട്ടറിയായി മടങ്ങിയെത്തി. ഡേവിഡ് ലാമിയെ ഫോറിന്‍ സെക്രട്ടറിയാക്കി. ലൂസി പോവെല്‍ ജനപ്രതിനിധി സഭയില്‍ പാര്‍ട്ടിയെ നയിക്കും. ബരോണസ് സ്മിത്ത് ഓഫ് ബാസില്‍ഡണ്‍ പ്രഭു സഭയില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കും.
ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ലൂയിസ് ഹൈഗ്. വര്‍ക്ക് ആന്റ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍. ബിസിനസ് സെക്രട്ടറി - ജൊനാഥന്‍ റെയ്നോള്‍ഡ്സ്. ഡിഫെന്‍സ് സെക്രട്ടറി - ജോണ്‍ ഹീലി. എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ്. കള്‍ച്ചര്‍, മീഡിയാ ആന്റ് സ്പോര്‍ട്സ് സെക്രട്ടറി - ഇന്ത്യന്‍ വംശജ ലിസാ നന്ദി. നോര്‍ത്തേണ്‍ അയര്‍ലന്റ് സെക്രട്ടറി - ഹിലാരി ബെന്‍. സ്‌കോട്ലന്റ് സെക്രട്ടറി - ഇയാന്‍ മുറെ. വെയില്‍സ് സെക്രട്ടറി ജോ സ്റ്റീവന്‍സ്.
വെസ് സ്ട്രീറ്റിംഗ് എംപിയാണ് ഹെല്‍ത്ത് സെക്രട്ടറി. ജെറമി കോര്‍ബിന്റെ കടുത്ത വിമര്‍ശകനായ സ്ട്രീറ്റിംഗ് എന്‍എച്ച്എസിലെ ചില നയങ്ങള്‍ക്ക് ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. വൃക്ക കാന്‍സര്‍ രോഗനിര്‍ണ്ണയത്തിന് ശേഷം തന്റെ ജീവന്‍ രക്ഷിച്ച എന്‍എച്ച്എസിനോട് വലിയ കടപ്പാടാണ് അദ്ദേഹത്തിനുള്ളത്. എഡ് മിലിബാന്‍ഡ് ആണ് ഊര്‍ജ്ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുക. ലേബര്‍ രാഷ്ട്രീയത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മിലിബാന്‍ഡ് കീര്‍ സ്റ്റാര്‍മറുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയാണ്. സയന്‍സ്, ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി സെക്രട്ടറിയായി പീറ്റര്‍ കെയില്‍.
അതേസമയം, ബ്രിട്ടനിലെ പരമ്പരാഗത വ്യവസായികള്‍ ചില കാര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികള്‍ക്ക് ഉടനടി ശമ്പള വര്‍ധനവാണ് ആദ്യത്തെ വിഷയം. റുവാണ്ട പദ്ധതി അവസാനിപ്പിക്കുമെന്നുള്ള പ്രഖ്യാപനമാണ് മറ്റൊന്ന്. ജോലി സമയത്തെക്കുറിച്ച് പ്രധാനമന്ത്രി ഈ ഇലക്ഷനു മുന്‍പ് നടത്തിയ പ്രസംഗമാണ് വേറൊരു കാര്യം.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം ജോലി ചെയ്യില്ലെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചാവസാനം തന്റെ രണ്ട് മക്കള്‍ക്കും, ഭാര്യക്കും ഒപ്പം സമയം പങ്കിടാന്‍ തയ്യാറാകുമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. 6 മണിക്ക് ശേഷം എന്തൊക്കെ സംഭവിച്ചാലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാറില്ലെന്നും പ്രധാനമന്ത്രിയായി ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിച്ചേര്‍ന്നാലും ഈ ശീലങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് സ്റ്റാര്‍മര്‍ നേരത്തേ പറഞ്ഞിട്ടുണ്ട്.
'നിങ്ങള്‍ക്ക് ഒരു പിതാവിന്റെ സ്ഥാനം ഉപയോഗിക്കാനും, കുട്ടികള്‍ക്കൊപ്പം ആസ്വദിക്കാനും സമയം കിട്ടിയില്ലെങ്കില്‍ നല്ലൊരു തീരുമാനമെടുക്കുന്ന വ്യക്തിയായി മാറാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് സത്യത്തില്‍ എന്നെ സഹായിക്കും. എന്നിലെ സമ്മര്‍ദം അകറ്റുകയാണ് ചെയ്യുന്നത്', വിര്‍ജിന്‍ റേഡിയോയോട് സംസാരിക്കവെ ഇങ്ങനെയാണ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്. സ്വാഭാവികമായും യുകെയിലെ ഓരോ തൊഴിലാളികളും ഈ പ്രിവിലേജ് അവകാശപ്പെടാന്‍ സാധ്യതയുണ്ട്.
ശമ്പള വര്‍ധനയാണ് ലേബര്‍ പാര്‍ട്ടി ഉടനെ അഡ്രസ് ചെയ്യേണ്ടുന്ന വെല്ലുവിളി. ജിപി, ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വലയുന്ന എന്‍എച്ച്എസിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കേണ്ടതുണ്ട്. അതുപോലെ പ്രസക്തമാണ് പൊതു മേഖലയിലെ ജോലിക്കാരുടെ വേതന വര്‍ധനവ്. ജയിച്ചാല്‍ ഉടനെ തന്നെ യൂണിയനുമായി ചര്‍ച്ച നടത്താമെന്നാണ് ടിയുസി യൂണിയനുമായുള്ള ധാരണ. അതിന്റെ ഉറപ്പിലാണ് യൂണിയന്റെ വോട്ട് ലേബറിന്റെ പെട്ടിയില്‍ വീണത്. വാക്കു മാറിയില്‍ ലേബറിന്റെ 'ഹണിമൂണ്‍' അധികം നീളില്ലെന്ന് അന്നു തന്നെ യൂണിയന്‍ ചെറിയൊരു ഭീഷണിയും മുഴക്കിയിരുന്നു.

14 വര്‍ഷം നീണ്ട പബ്ലിക് സെക്ടര്‍ ശമ്പള നിയന്ത്രണങ്ങള്‍ക്ക് ഉടന്‍ അന്ത്യം കാണണമെന്നാണ് ടിയുഎസിയുടെ ആവശ്യം. ലേബര്‍ വാഗ്ദാനം ചെയ്തിട്ടുള്ള ന്യൂ ഡീല്‍ ഫോര്‍ വര്‍ക്കേഴ്‌സ് നടപ്പാക്കുക, ഏറെ നാളായി പൊതുമേഖലയില്‍ നടക്കുന്ന സമരങ്ങള്‍ പരിഹരിക്കുക, ശമ്പളം വര്‍ദ്ധിപ്പിക്കുക - ഇതൊക്കെയാണ് ഫയര്‍ ബ്രിഗേഡ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മാറ്റ് റാക്ക് മുന്നോട്ടു വച്ചിട്ടുള്ളത്.
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി പ്രഖ്യാപിച്ച റുവാണ്ടന്‍ പദ്ധതിയില്‍ നിലപാട് ഇനിയാണു വ്യക്തമാകുക. അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് കടത്താനുള്ള നടപടി നിര്‍ത്തലാക്കുമെന്നാണ് ലേബര്‍ നയം. ഇതു രാഷ്ട്രീയമായി പാര്‍ട്ടിയെ ഏതു വിധത്തിലാണ് ബാധിക്കുകയെന്ന കാര്യം കണ്ടറിയണം.
ഇത്രയും പറഞ്ഞത് ലേബറുകളുടെ മുന്നില്‍ കാത്തിരിക്കുന്ന പ്രതിസന്ധികള്‍ ഓര്‍മിപ്പിക്കാനാണ്. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ലഭിച്ച അധികാരം നിലനിര്‍ത്താന്‍ കിര്‍ സ്റ്റാര്‍മര്‍ ഒരുപാട് സമ്മര്‍ദങ്ങളെ മറികടക്കേണ്ടി വരും. അതിനുള്ള നയങ്ങള്‍ അദ്ദേഹം ആരംഭിച്ചുവെന്നാണ് പ്രാരംഭ ഘട്ടത്തിലെ നീക്കങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.
 
Other News in this category

 
 




 
Close Window