തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയെന്നൊരു തന്ത്രപരമായ നീക്കമാണ് കോടീശ്വരനായ വ്യവസായി ഇലോണ്‍ മസ്‌ക് സ്വീകരിച്ചത്.
കുടിയേറ്റവിരുദ്ധതയുടെ പേരില്‍ ബ്രിട്ടീഷ് പൗരന്മാരെ അണി നിരത്തിയപ്പോള്‍ രണ്ടുവിഭാഗമായി ജനങ്ങള്‍ തിരിഞ്ഞോ? കുടിയേറ്റക്കാരെ എതിര്‍ക്കുന്നവരെ ധ്രുവീകരിച്ച് അവരെ സ്വന്തം പെട്ടിയിലെ വോട്ടാക്കി മാറ്റാന്‍ കഴിയുമോ ഇലോണ്‍ മസ്‌കിന്? ലോകത്തെ ഒട്ടുമിക്ക മാധ്യമങ്ങളും ലണ്ടനിലെ റാലിയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചയില്‍ ഇതാണ് വിഷയമാക്കുന്നത്.
മാര്‍ച്ചില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെത്തി. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ ലണ്ടന്‍ നഗരം നടുങ്ങി. മാര്‍ച്ചിനെ തുടര്‍ന്നു രാഷ്ട്രീയ നീക്കങ്ങള്‍ ശ്രദ്ധേയമാണ്.
യുകെയില്‍ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത മസ്‌ക്, രാജ്യം നാശത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കി. 'ബ്രിട്ടീഷുകാരനായിരിക്കുന്നതില്‍ എന്തോ ഒരു ഭംഗിയുണ്ട്, ഇവിടെ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്,' മസ്‌ക് പറഞ്ഞു. 'അത് മന്ദഗതിയിലുള്ള ദ്രവിക്കലോടെയാണ് ആരംഭിച്ചത്, പക്ഷേ ഇപ്പോള്‍ അനിയന്ത്രിതമായ വന്‍തോതിലുള്ള കുടിയേറ്റത്തിലൂടെ അത് അതിവേഗം ത്വരിതപ്പെടുത്തുകയാണ്.'
'അക്രമം വരുന്നു' എന്നും 'ഒന്നുകില്‍ നിങ്ങള്‍ തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക' എന്നും മസ്‌ക് ജനക്കൂട്ടത്തോട് പറഞ്ഞു.
അതേസമയം, വൈറ്റ്ഹാളിലെ പരിപാടിക്കിടെ നടത്തിയ പ്രസംഗങ്ങള്‍ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിപ്പിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കുപ്പികളും മറ്റും വലിച്ചെറിയുകയും സംഘര്‍ഷവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
1,10,000 മുതല്‍ 1,50,000 വരെ ആളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തെന്നാണ് പൊലീസിന്റെ കണക്ക്. 2023 നവംബറില്‍ ലണ്ടനില്‍ നടന്ന പാലസ്തീന്‍ അനുകൂല മാര്‍ച്ചില്‍ ഏകദേശം 300,000 ആളുകളായിരുന്നു പങ്കെടുത്തത്. അതേസമയം സ്റ്റാന്‍ഡ് അപ്പ് ടു റേസിസം സംഘടിപ്പിച്ച 'ഫാസിസത്തിനെതിരായ മാര്‍ച്ച്' എന്ന എതിര്‍ പ്രതിഷേധത്തില്‍ 5000ത്തോളം പേരും പങ്കെടുത്തു.
ഇനി ശ്രദ്ധിക്കേണ്ടത് മസ്‌കിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വാക്കുകളാണ്: 'ബ്രിട്ടനില്‍ ഒരു സര്‍ക്കാര്‍ മാറ്റം ഉണ്ടാകണമെന്ന് ഞാന്‍ ശരിക്കും കരുതുന്നു. നിങ്ങള്‍ക്ക് കഴിയില്ല - നമുക്ക് ഇനി നാല് വര്‍ഷം കൂടി സമയമില്ല, അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അത് വളരെ നീണ്ടതാണ്. എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടുകയും പുതിയ വോട്ടെടുപ്പ് നടത്തുകയും വേണം.'-കെയര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ നേരിട്ട് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതിഷേധത്തെ നേരിടാനായി 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.സെന്റ് ജോര്‍ജ്ജ് പതാകകളും യൂണിയന്‍ ജാക്കും വഹിച്ചുകൊണ്ട് 'നമ്മുടെ രാജ്യം തിരികെ വേണം' എന്ന് മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ആളുകള്‍ 'യുണൈറ്റ് ദി കിംഗ്ഡം' പങ്കെടുത്തത്. റോബിന്‍സന്റെ അനുയായികള്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും കൊല്ലപ്പെട്ട യുഎസ് യാഥാസ്ഥിതിക പ്രവര്‍ത്തകന്‍ ചാര്‍ളി കിര്‍ക്കിന് പിന്തുണ അറിയിക്കുകയും ചെയ്തു.
ഇനിയൊരു ഇലക്ഷന് നാലു വര്‍ഷം കാത്തിരിക്കാന്‍ ആവില്ലെന്ന് മസ്‌ക് നല്‍കിയ സൂചന വന്‍മാറ്റങ്ങള്‍ക്കു വഴി തെളിക്കുമെന്നാണ് കരുതപ്പെടുന്നത്. ലേബര്‍ പാര്‍ട്ടിയും ടോറികളും ചെറുതല്ലാത്ത രീതിയില്‍ നടുങ്ങിയിട്ടുണ്ടെന്നും വ്യക്തം. |