ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായി മാറുന്നതിന്റെ ലക്ഷണം പ്രകടമായിരിക്കുന്നു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബറുകള്‍ക്ക് ജനം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ഒഴുക്ക് ലേബറിന് അനുകൂലമാണ്. കണ്‍സര്‍വേറ്റിവുകളുടെ അടിത്തറയില്‍ ഇളക്കം തട്ടിയെന്നാണ് ഈ രണ്ടു തിരഞ്ഞെടുപ്പു ഫലങ്ങളും വ്യക്തമാക്കുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ ലോക്കല്‍, കൗണ്‍സില്‍ ഇലക്ഷനുകളുടെ ആകെത്തുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാറുള്ളത്.
റിഷി സുനാക് പ്രധാനമന്ത്രിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ പ്രതിരോധത്തിലായിരിക്കുന്നു. തിരിച്ചു വരവിന് ചെറുതല്ലാത്ത രീതിയില്‍ കണ്‍സര്‍വേറ്റീവുകള്‍ വിയര്‍ക്കേണ്ടി വരും.ടീസ് വാലീ മേയര്‍ തെരഞ്ഞെടുപ്പില്‍ ബെന്‍ ഹൗച്ചന്‍ വിജയിച്ചത് വിമത ഭീഷണിയ്ക്ക് തിരിച്ചടിയായി വോട്ടില്‍ വന്‍ കുറവുണ്ടായെന്നത് പക്ഷെ ചര്‍ച്ചയാവുകയും ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂള്‍ സൗത്തില്‍ 58.9% വോട്ടു ശതമാനമാണ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ക്രിസ് വെബ് നേടിയത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡേവിഡ് ജോണ്‍സന് 17. 5 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.
ബ്രക്‌സിറ്റിനോട് ബന്ധപ്പെട്ട് 2018-ല്‍ രൂപീകൃതമായ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മാര്‍ക്ക് ബച്ചര്‍ 16.9 ശതമാനം വോട്ട് ആണ് ഇവിടെ നേടിയത്. ടോറി പാര്‍ട്ടിക്ക് കിട്ടേണ്ട വോട്ട് വിഹിതം റീഫോം യുകെ കൈക്കലാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നിലവില്‍ രണ്ട് എംപിമാര്‍ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്.
ഉപതിരഞ്ഞെടുപ്പ് ഫലവും ലോക്കല്‍ കൗണ്‍സിലിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലവും പ്രധാനമന്ത്രി റിഷി സുനകിന് കനത്ത തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. യുകെയിലെ വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് സുനകിനോട് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് മോശം രാത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇതുവരെ അവര്‍ കൈവശം വച്ചിരുന്ന പകുതി സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ഇനിയെല്ലാം രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമാണ്. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതിനു ശേഷമുള്ള പ്രഖ്യാപനങ്ങള്‍ ഒരുകാലത്തും ബ്രിട്ടനിലെ തിരഞ്ഞെടുപ്പു വിജയത്തിന് അനുകൂലമായിട്ടില്ല. ബാക്കിയെല്ലാം കാത്തിരുന്നു കാണാം. |