Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
 
 
എഡിറ്റോറിയല്‍
  Add your Comment comment
നിഗല്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുമോ യുകെയിലെ ചെറുപ്പക്കാര്‍? ചെറുതല്ലാതെ പേടിയുണ്ട് മറ്റു പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക്
By: Editor, UK Malayalam Pathram
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്‍മാന്‍, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്. 'ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കുക' എന്നുള്ള പ്രചാരണ മുദ്രാവാക്യത്തില്‍ ഉറച്ചു നിന്ന് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള കര്‍മബുദ്ധിയാണ് ഫരാജിനെ നേതാവാക്കിയത്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുന്നില്‍ നിര്‍ണായക സ്വാധീനം തെളിയിക്കാന്‍ നിഗലിനു കഴിഞ്ഞു. ബ്രിട്ടന്‍ പോലെ നൂറ്റാണ്ടു പഴക്കമുള്ള രാഷ്ട്രീയ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന രാജ്യത്ത് ഇതു നിസ്സാര കാര്യമല്ല.
യൂറോപ്പിലെ മറ്റ് ജനകീയ പ്രസ്ഥാനങ്ങളില്‍ നിന്നാണ് ഈ നീക്കത്തിനു പ്രചോദനം ലഭിച്ചതെന്ന് നിഗല്‍ പറഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് നിഗല്‍ ചെയ്തത്. പരമ്പരാഗത രാഷ്ട്രീയരീതികള്‍ പൊളിച്ചടുക്കി പുതിയൊരു നയം പറയുക, അതു ജനങ്ങളെ ബോധ്യപ്പെടുത്തുക - അതാണു നയം. പുതുതലമുറയിലുള്ളവര്‍ക്ക് നിഗലിന്റെ നയങ്ങളോട് താല്‍പര്യമുണ്ടെന്നു വേണം കരുതാന്‍. കാരണം, യുകെയിലെ ചെറുപ്രായക്കാര്‍ റീഫോം യുകെയുടെ നയങ്ങളോട് അനുകൂല മനോഭാവം ഉള്ളവരാണ്.
നാളെ എന്താകും, എന്തൊക്കെ സംഭവിക്കും, എന്തൊക്കെ നേടാനാകും എന്നു ചിന്തിക്കുന്നവരാണ് പുതുതലമുറ. അവരുടെ ലക്ഷ്യബോധത്തിന് പ്രതീക്ഷ നല്‍കുംവിധമാണ് നിഗലിന്റെ നീക്കം. അതു വിജയിക്കുമെന്നു തിരിച്ചറിഞ്ഞാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ നിഗലിനൊപ്പം പോകുന്നത്.
പതിനാലു വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാവ് ജെയ്ക്ക് ബെറി റീഫോമിലേക്ക് ചേക്കേറി. മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെയും ബോറിസ് ജോണ്‍സന്റെയും അടുത്ത അനുയായിയാണ് റീഫോം യുകെയിലേക്ക് പോയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് ജെയ്ക്ക് ബെറി. കൂടുതല്‍ പേര്‍ റീഫോം യുകെ പാര്‍ട്ടിയിലേക്കെത്തുമെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അടിസ്ഥാനത്തിലാണെങ്കില്‍, ഫരാജിന്റെ റിഫോം യു കെയുടെ താഴെയാണ് ലേബര്‍ പാര്‍ട്ടിയുടെ നില. ലേബര്‍ പാര്‍ട്ടി മൈനസ് 35 റേറ്റിംഗ് നേടിയപ്പോള്‍, റിഫോമിന്റെ റേറ്റിംഗ് മൈനസ് 32 ആയിരുന്നു. ജൂലായ് മാസത്തിലെ തെരഞ്ഞെടുപ്പ് സമയത്ത് ലേബര്‍ പാര്‍ട്ടിയുടെ റേറ്റിംഗ് മൈനസ് 7 ഉം റിഫോം യു കെയുടെത് മൈനസ് 37 ഉം ആയിരുന്നു. ഏറ്റവും വലിയ അടി കിട്ടിയത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാണ്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള സൂചന ഇപ്പോഴും പാര്‍ട്ടി നല്‍കുന്നില്ല.
ഇതിന്റെ മറുഭാഗം നോക്കുക. ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തവരില്‍ മൂന്നിലൊന്നു പേരും ഇപ്പോള്‍ സ്റ്റാര്‍മറെ അനുകൂലിക്കുന്നില്ല. ലേബര്‍ വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ ഇപ്പോള്‍ പാര്‍ട്ടിയെ അനുകൂലിക്കുന്നില്ല. രാഷ്ട്രീയ സാധാരണവല്‍ക്കരണം മാറ്റിനിര്‍ത്തിയാല്‍, റീഫോംസിന്റെ ഭാവിയിലെ നിര്‍ണായക ഘടകം അതിന്റെ നേതൃത്വമായിരിക്കാം. ബ്രെക്‌സിറ്റ് പാര്‍ട്ടി ആയിരുന്ന കാലത്ത്, വലതുപക്ഷ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയക്കാരനായ നിഗല്‍ ഫാരേജാണ് റിഫോമിനെ നയിച്ചത്. മുമ്പ് യുകെയിലെ പ്രമുഖ യൂറോസെപ്റ്റിക് പാര്‍ട്ടിയായ യുകെഐപിയുടെ തലവനായിരുന്നു അദ്ദേഹം. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ആ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വെസ്റ്റ്മിന്‍സ്റ്റര്‍ തലത്തില്‍ വലിയ മുന്നേറ്റം നടത്തിയില്ല, ഒടുവില്‍ നിഗല്‍ അത് ഉപേക്ഷിച്ചു.
നിങ്ങള്‍ നോക്കൂ, നിഗലിന്റെ നയങ്ങള്‍ക്കും ഇക്കാലമത്രയും ഇംഗ്ലീഷ് ചാനലിലുടനീളമുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങള്‍ക്കും നിഷേധിക്കാനാവാത്ത സമാനതകളുണ്ട്. യൂറോപ്പിലെ സ്ഥാപിതമായ തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി റിഫോം നിരവധി പ്രത്യയശാസ്ത്രപരവും നയപരവുമായ നിലപാടുകള്‍ പങ്കിടുന്നുണ്ട്. നെറ്റ്-സീറോ ഇമിഗ്രേഷന്‍ നിര്‍ദ്ദേശിക്കുക, ലിംഗഭേദത്തിന്റെ ട്രാന്‍സ്-എക്സ്‌ക്ലൂഷണറി നിര്‍വചനങ്ങള്‍ സ്വീകരിക്കുക, ഉണര്‍ന്നിരിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുമെന്ന് അവകാശപ്പെടുക - പുതുവഴികളിലൂടെ നിഗല്‍ പറയുന്നത് ഇതൊക്കെ തന്നെയാണ്.
നിഗലിന്റെ പാര്‍ട്ടി അടുത്ത ഇലക്ഷനില്‍ ജയിച്ച് അധികാരത്തില്‍ കയറുമെന്നല്ല പറയാന്‍ ഉദ്ദേശിക്കുന്നത്. ആരു ജയിക്കണം, ആര്‍ക്കു ഭൂരിപക്ഷം കിട്ടണം എന്നു തീരുമാനിക്കുംവിധം ഇന്‍ഫ്‌ളുവന്‍ഷ്യല്‍ ശക്തിയായി നിഗല്‍ മാറുമെന്നാണു സൂചിപ്പിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് അവഗണിക്കാന്‍ കഴിയാത്തവിധം ഉച്ചത്തിലുള്ള ശബ്ദമായി നിഗലിന്റെ ശബ്ദം ശക്തിപ്പെടും. അതു തന്നെയാണ് നിഗല്‍ മുന്‍പേ പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാവല്ല, സിഇഒ, ചെയര്‍മാന്‍, ഉടമ. അതിനിര്‍ത്ഥം അദ്ദേഹമൊരു കോര്‍പറേറ്റ് മേലധികാരിയിയി നിലകൊള്ളും. എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള സ്വാധീനശക്തിയോടെ.
 
Other News in this category

 
 




 
Close Window