യുകെയിലെ പ്രവാസികള്‍ക്ക് പ്രതീക്ഷ ഇല്ലാതാക്കുന്നതാണ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. നികുതി ഭാരം കനത്തതു തന്നെ. ഒരു ലക്ഷം പൗണ്ടില്‍ അധികം വരുമാനമുള്ളവര്‍ക്ക് ടാക്‌സ് ഫ്രീ പേഴ്‌സണല്‍ അലവന്‍സ് ഇല്ലാതെയാകും. അതായത് ഈ വരുമാനം ഉള്ളവര്‍ 60 ശതമാനം നിരക്കില്‍ നികുതി നല്‍കേണ്ടിവരും. 12,570 പൗണ്ട് വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. ഇതിനെയാണ് പേഴ്‌സണല്‍ അലവന്‍സ് എന്ന് പറയുന്നത്. വരുമാന നികുതി നല്‍കുന്നതിനുള്ള വരുമാന പരിധി 2030 വരെ മാറ്റമില്ലാതെ തുടരുമെന്നാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആകെ ആശ്വസിക്കാവുന്നത് ഓരോ മണിക്കൂറിനു പ്രഖ്യാപിച്ച കൂലിയില്‍ ഉണ്ടായ വര്‍ധനയാണ്. മിനിമം വേതനം ഒരു മണിക്കൂര്‍ ജോലിക്കു 12.21 പൗണ്ടാകും. 18 മുതല്‍ 20 വയസുവരെയുള്ളവര്‍ക്കുള്ള മിനിമം വേതനം 8.60 പൗണ്ടില്‍ നിന്നും മണിക്കൂറില്‍ 10 പൗണ്ട് ആയി ഉയരും.
അതേസമയം, 12,571 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനമുള്ളവര്‍ 20 ശതമാനം വരുമാന നികുതി നല്‍കണം. 50,271 പൗണ്ട് മുതല്‍ 1,25,140 പൗണ്ട് വരെയുള്ള വരുമാനത്തിന് 40 ശതമാനം നിരക്കിലും അതിനു മുകളിലുള്ളതിന് 45 ശതമാനം നിരക്കിലുമാണ് നികുതി നല്‍കേണ്ടത്. ഓരോ ടാക്‌സ് ബാന്‍ഡിലും എത്രമാത്രം വരുമാനം വരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും, നിങ്ങള്‍ നല്‍കേണ്ട വരുമാന നികുതി കണക്കാക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ പ്രതിവര്‍ഷം 52,000 പൗണ്ട് വരുമാനമുള്ള വ്യക്തിയാണെങ്കില്‍, 12,570 പൗണ്ട് വരെയുള്ള തുകക്ക് നിങ്ങള്‍ നികുതി നല്‍കേണ്ടതില്ല. മിച്ചമുള്ള 37,700 പൗണ്ടിന് 20 ശതമാനം നിരക്കില്‍ നികുതി നല്‍കണം.
അതേസമയം, വീട് വാങ്ങുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും കൂടി. സ്റ്റാമ്പ് ഡ്യൂട്ടി ബാധകമായ വീടു വിലയുടെ പരിധി 2,50,000 പൗണ്ടില്‍ നിന്നും 1,25,000 പൗണ്ട് ആയി കുറച്ചതോടെ കൂടുതല്‍ പേര്‍ക്ക് വീടുവാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതായി വരും. ഏപ്രില്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. പുതിയ പരിധി നിലവില്‍ വരുന്നതോടെ ഇംഗ്ലണ്ടിലെ ഒരു ശരാശരി വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 2,028 പൗണ്ടില്‍ നിന്നും 4,528 പൗണ്ട് ആയി ഉയരും. കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയുടെ വിശകലന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.
നാഷണല്‍ വേജസില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്ന വീടു വിലയുടെ പകുതി ഒന്നേകാല്‍ ലക്ഷം പൗണ്ടാക്കി കുറച്ചു.
അഞ്ച് മാസം മുന്‍പ് സ്വയം തീരുമാനിച്ച സാമ്പത്തിക നയങ്ങള്‍ തിരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് 14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതില്‍ അവസാനിക്കില്ലെന്നും, നിലവിലെ പൊതുഖജനാവിന്റെ ദുരവസ്ഥ വെച്ച് നോക്കിയാല്‍ ഓട്ടം സീസണില്‍ പുതിയ നികുതിവര്‍ദ്ധനയാണ് നേരിടേണ്ടി വരികയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
സ്പ്രിംഗ് സ്റ്റേറ്റ്മെന്റാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നേരത്തേ നല്‍കിയ സൂചനകള്‍ക്ക് അനുസരിച്ച് മിനിമം വേതനം വര്‍ദ്ധിപ്പിച്ചും ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചുമുള്ള ബജറ്റ് വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു തിരിച്ചടിയാകും. |